ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പ സൂചികാ സംവിധാനത്തിൽ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റം കൊണ്ടുവരുന്നു. നിലവിൽ ഉപയോഗിക്കുന്ന മൊത്തവില സൂചിക (Wholesale Price Index – WPI) പുതുക്കുന്നതിനൊപ്പം, ആദ്യമായി പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്സ് (Producer Price Index – PPI) അവതരിപ്പിക്കാനാണ് തീരുമാനം.
പുതിയ സൂചികകൾ ജൂൺ 15 മുതൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ WPI ഉൽപ്പന്നങ്ങളുടെ വിലമാറ്റങ്ങൾ മാത്രം കണക്കാക്കുമ്പോൾ, പുതിയ PPI സേവനമേഖലയിലെ വിലമാറ്റങ്ങളും ഉൾപ്പെടുത്തും. ബാങ്കിംഗ്, ഇൻഷുറൻസ്, പെൻഷൻ ഫണ്ട് മാനേജ്മെന്റ്, റെയിൽവേ, വ്യോമയാന യാത്രാസേവനങ്ങൾ, ടെലികോം തുടങ്ങിയ ഏഴ് സേവനമേഖലകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.
2022-23 അടിസ്ഥാനവർഷമാക്കി പുതുക്കിയ WPIയും PPIയും അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ പണപ്പെരുപ്പ അളവ് അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി കൂടുതൽ പൊരുത്തപ്പെടുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഉൽപ്പാദനച്ചെലവിലുണ്ടാകുന്ന മാറ്റങ്ങൾ ഉപഭോക്തൃവിലകളിലേക്ക് എത്തുന്നതിന് മുമ്പേ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ WPIയിൽ നിന്ന് PPIയിലേക്കുള്ള ഘട്ടംഘട്ടമായ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ സൂചിക വ്യവസായമേഖലയിലെ വിലവർധന പ്രവണതകൾ കൂടുതൽ കൃത്യമായി മനസ്സിലാക്കാനും ധന-നാണയ നയങ്ങൾ രൂപപ്പെടുത്താനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഏപ്രിലിൽ 3.48 ശതമാനമായിരുന്നു. ഭക്ഷ്യ പണപ്പെരുപ്പം 4.20 ശതമാനമായും രേഖപ്പെടുത്തി.

