കൊച്ചി: ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “സീക്രട്ട് ഓഫ് കലിംഗ”യുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹൊറർ കോമഡിക്ക് പ്രാധാന്യം നൽകി മിസ്റ്ററി ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പുരാതന കലിംഗ രാജ്യത്തിന്റെ തിരുശേഷിപ്പുകളുള്ള ഒരു കോളേജ് കാമ്പസും, അവിടുത്തെ കാട്ടിലുള്ള ഒരു പഴയ കിണറും കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു ആത്മാവ് അവിചാരിതമായി പുറത്തുവരുന്നതും, തുടർന്നുണ്ടാകുന്ന അമ്പരപ്പിക്കുന്നതും രസകരവുമായ സംഭവങ്ങളുമാണ് ചിത്രം ദൃശ്യാവിഷ്കരിക്കുന്നത്. പ്രേക്ഷകരെ ഒരേസമയം ഭയപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ടീസർ.
ജിഷ്ണു എം. ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐറ ഫിലിംസിന്റെ (Ayra Films) ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം വരും ജൂൺ മാസത്തിൽ തന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ആശ്രിത് സന്തോഷ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അശ്വന്ത് രവീന്ദ്രനാണ്. ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ ചേർന്നാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. മറ്റ് അണിയറ പ്രവർത്തകർ – ആർട്ട്: അഖിൽ റോയ്, പ്രൊഡക്ഷൻ കൺട്രോളർ: ജെ.പി മണക്കാട്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോസ്റ്റ്യൂംസ്: ഖാലിദ് അബൂബക്കർ, സൗണ്ട് ഡിസൈൻ: സുബിൻ ജോസഫ്, മിക്സിംഗ്: ബിനൂപ് എസ് ദേവൻ, അഡീഷണൽ സോങ്ങ്: ഗോകുൽ ശ്രീകണ്ഠൻ, എ.ഐ സൂപ്പർവൈസർ: അഖിൽ പരപ്പനങ്ങാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമിതാബ് പണിക്കർ & ആബേൽ കൗസ്തുഭം, ഡി.ഐ: സുജിത് സദാശിവൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒപ്പ്ര, ഡിസൈൻസ്: ആദിൻ ഒല്ലൂർ, പി.ആർ.ഒ: പി. ശിവപ്രസാദ്.

