ഓസ്‌ട്രേലിയയിൽ ഉപയോഗിക്കുന്ന പുകയില ഉൽപ്പന്നങ്ങളിൽ 80 ശതമാനവും വ്യാജനെന്ന് റിപ്പോർട്ട്

കാൻബറ: ഓസ്‌ട്രേലിയയിൽ എട്ട് വർഷം മുൻപുള്ളതിനേക്കാൾ നിക്കോട്ടിന്റെ ഉപയോഗം വൻതോതിൽ വർദ്ധിച്ചതായും എന്നാൽ പുകയില ഉൽപ്പന്നങ്ങൾക്കായി ജനങ്ങൾ ചിലവഴിക്കുന്ന തുക ഗണ്യമായി കുറഞ്ഞതായും ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിൽ ലഭ്യമാകുന്ന നിയമപരമായ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് വിലകുറഞ്ഞതും നികുതിവെട്ടിച്ചതുമായ വ്യാജ സിഗരറ്റുകളെയും പുകയില ഉൽപ്പന്നങ്ങളെയും ജനങ്ങൾ വലിയ തോതിൽ ആശ്രയിക്കുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ വർഷം രാജ്യത്ത് ഉപയോഗിച്ച സിഗരറ്റുകളിൽ 80 ശതമാനവും ഇത്തരത്തിലുള്ള നിയമവിരുദ്ധ ഉൽപ്പന്നങ്ങളായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ബുധനാഴ്ച എബിഎസ് പുറത്തുവിട്ട വിശകലന റിപ്പോർട്ട് പ്രകാരം, 2017-നും 2025-നും ഇടയിൽ രാജ്യത്തെ ജനസംഖ്യാ വളർച്ച വെറും 14 ശതമാനം മാത്രമായിരുന്നപ്പോൾ നിക്കോട്ടിൻ ഉപയോഗത്തിലുണ്ടായ വർദ്ധനവ് 40 ശതമാനമാണ്. നികുതിവെട്ടിച്ച് എത്തുന്ന പുകയില ഉൽപ്പന്നങ്ങളുടെ ലഭ്യതയും ഇ-സിഗരറ്റുകളുടെ അനിയന്ത്രിതമായ വളർച്ചയുമാണ് ഈ വർദ്ധനവിന് പിന്നിലെന്ന് എബിഎസ് വ്യക്തമാക്കി. 2017-ൽ രാജ്യത്ത് ഉപയോഗിച്ചിരുന്ന പുകയിലയുടെ 12 ശതമാനം മാത്രമായിരുന്നു നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ എത്തിയിരു ന്നതെങ്കിൽ, 2025 ആയപ്പോഴേക്കും അത് 80 ശതമാനമായി ഉയർന്നു. വിപണിയിൽ നിയമപരമായ സിഗരറ്റു കളുടെ വില മൂന്നിരട്ടിയോളം വർദ്ധിച്ചപ്പോഴും വ്യാജ ഉൽപ്പന്നങ്ങളുടെ വിലയിൽ വലിയ മാറ്റമില്ലാതെ തുടർന്നത് സാധാരണക്കാരായ ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിച്ചു. ഇതോടെ പുകയിലയ്ക്കായുള്ള കുടുംബ ങ്ങളുടെ ചിലവ് 2016-ലെ നിരക്കിലേക്ക് താഴുകയും ചെയ്തു. മലിനജല സാമ്പിളുകളിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്റെ അളവ് പരിശോധിച്ചാണ് എബിഎസ് ഈ നിഗമനങ്ങളിൽ എത്തിയത്.

പുകയില ഉൽപ്പന്നങ്ങൾക്ക് മേൽ ഫെഡറൽ സർക്കാർ ചുമത്തുന്ന ഉയർന്ന എക്സൈസ് ഡ്യൂട്ടിയാണ് നിയമവിധേയമായ ഉൽപ്പന്നങ്ങളും വ്യാജ ഉൽപ്പന്നങ്ങളും തമ്മിലുള്ള വിലയിൽ ഇത്രയും വലിയ വ്യത്യാസ മുണ്ടാകാൻ കാരണമെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ മന്ത്രി റയാൻ പാർക്ക് പറഞ്ഞു. കടുത്ത ജീവിതച്ചിലവ് പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ നികുതിയില്ലാത്ത ഇത്തരം ഉൽപ്പന്നങ്ങളിലേക്ക് ജനങ്ങൾ ആകർഷിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും, ഈ പൊതുജനാരോഗ്യ പരാജയം നേരിടാൻ സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ വിഭവങ്ങൾ ചിലവഴിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ പുകയില വിപണി സജീവമായതോടെ കഴിഞ്ഞ വർഷം നികുതിയിനത്തിൽ സർക്കാരിന് ലഭിക്കേണ്ട തുകയിൽ 14 വർഷത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഫെഡറൽ ബജറ്റിൽ 6.9 ബില്യൺ ഡോളറിന്റെ വൻ നഷ്ടമുണ്ടാക്കി.

ഈ പശ്ചാത്തലത്തിൽ പുകയില നികുതി വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് എൻ.എസ്.ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസ് ആവശ്യപ്പെട്ടു. ഈ നികുതി നയം സാമ്പത്തികമായോ ആരോഗ്യപരമായോ ഇപ്പോൾ ഫലപ്രദമല്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. വ്യാജ പുകയില വിപണനത്തിനെതിരെ വിവിധ സംസ്ഥാനങ്ങൾ ഇതിനകം തന്നെ കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിയമവിരുദ്ധ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളുടെ ഉടമസ്ഥർക്കെതിരെ എൻ.എസ്.ഡബ്ല്യു സർക്കാർ പുതിയ പിഴ ശിക്ഷകൾ ഏർപ്പെടുത്തി. വാണിജ്യാടിസ്ഥാനത്തിൽ വലിയ തോതിൽ വ്യാജ പുകയില കൈവശം വെയ്ക്കുന്നവർക്ക് 1.5 മില്യൺ ഡോളറിലധികം പിഴയോ 7 വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടുമാറ്റുമോ ലഭിക്കാവുന്ന നിയമഭേദഗതിയും കൊണ്ടുവന്നിട്ടുണ്ട്. വിക്ടോറിയയിൽ ഇത്തരം നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്ക് 3,70,000 ഡോളർ വരെ പിഴയോ 15 വർഷം വരെ തടവോ ലഭിക്കാവുന്ന കടുത്ത ശിക്ഷാ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *