ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി ഷാങ് യിമിങ്; മൂന്നാം സ്ഥാനത്തേക്ക് മുകേഷ് അംബാനി

ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ സഹസ്ഥാപകനായ ഷാങ് യിമിങ് ഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി ഉയർന്നു. ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി മൂല്യം 92.8 ബില്യൺ ഡോളറിലെത്തി. ഇതോടെ മുകേഷ് അംബാനിയെ പിന്തള്ളി യിമിങ് രണ്ടാം സ്ഥാനത്തെത്തി. അംബാനിയുടെ ആസ്തി മൂല്യം 86.9 ബില്യൺ ഡോളറായതിനാൽ അദ്ദേഹം ഏഷ്യയിലെ മൂന്നാമത്തെ സമ്പന്നനായി മാറി. ഒന്നാം സ്ഥാനത്ത് 117.4 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി തുടരുന്നു.

യിമിങ്ങിന്റെ സമ്പത്ത് വർധിക്കാൻ പ്രധാന കാരണം ബൈറ്റ്‌ഡാൻസിന്റെ മൂല്യവർധനയും കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ മുന്നേറ്റവുമാണ്. കമ്പനിയുടെ വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക് ആഗോളതലത്തിൽ ശക്തമായ വളർച്ച തുടരുന്നതിനൊപ്പം, ബൈറ്റ്‌ഡാൻസിന്റെ എഐ ചാറ്റ്ബോട്ടായ ദുബാഒ ചൈനയിൽ 300 ദശലക്ഷത്തിലധികം പ്രതിമാസ ഉപയോക്താക്കളെ നേടിയതും മൂല്യനിർണയത്തെ ഉയർത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

2026-ൽ ബൈറ്റ്‌ഡാൻസ് അമേരിക്കൻ ബിസിനസിന്റെ ചില ഭാഗങ്ങൾ അമേരിക്കൻ നിക്ഷേപകർക്ക് കൈമാറിയതും കമ്പനിയെക്കുറിച്ചുള്ള നിയന്ത്രണ ആശങ്കകൾ കുറയ്ക്കാൻ സഹായിച്ചു. ഇതിനെ തുടർന്ന് ബ്ലൂംബർഗ് ബൈറ്റ്‌ഡാൻസിന്റെ മൂല്യനിർണയത്തിൽ പ്രയോഗിച്ചിരുന്ന റിസ്‌ക് ഡിസ്കൗണ്ട് കുറച്ചതോടെ യിമിങ്ങിന്റെ ആസ്തി മൂല്യത്തിൽ വൻ വർധനയുണ്ടായി. 2019-ൽ ഏകദേശം 13 ബില്യൺ ഡോളർ സമ്പത്തുണ്ടായിരുന്ന യിമിങ്ങിന്റെ ആസ്തി മൂല്യം ഇപ്പോൾ ഏഴിരട്ടിയിലധികം വർധിച്ചിരിക്കുകയാണെന്നും ബ്ലൂംബർഗ് കണക്കുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *