തമിഴ്നാട്ടിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് കോൺഗ്രസിന് വിട്ടുനൽകാൻ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (TVK) തീരുമാനിച്ചു. പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. ജൂൺ 18-ന് നടക്കാനിരിക്കുന്ന രാജ്യസഭ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നിർണായക നീക്കം.
മുതിർന്ന കോൺഗ്രസ് നേതാവായ പി ചിദംബരം വിജയിയെ സന്ദർശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. രാജ്യസഭാ സീറ്റിനെക്കുറിച്ചുള്ള കോൺഗ്രസിന്റെ താൽപര്യം അറിയിക്കുന്നതിനായിരുന്നു കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച ടിവികെ നേതൃത്വത്തിലുള്ള സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നൽകിയിരുന്നു. ഇപ്പോൾ രാജ്യസഭാ സീറ്റും നൽകുന്നതോടെ ഇരുപാർട്ടികളും തമ്മിലുള്ള സഖ്യബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ തീരുമാനത്തെ വിലയിരുത്തുന്നത്.
തമിഴ്നാട് നിയമസഭയിൽ ടിവികെയ്ക്ക് സ്വന്തം നിലയ്ക്ക് രാജ്യസഭാ സീറ്റ് വിജയിപ്പിക്കാൻ ആവശ്യമായ സംഖ്യാബലം ഉണ്ട്. അതിനാൽ ഈ സീറ്റ് പാർട്ടിയുടെ ആദ്യ രാജ്യസഭാ പ്രതിനിധിയെ അയയ്ക്കാനുള്ള അവസരമായിരുന്നു. എന്നാൽ സഖ്യ ഐക്യത്തിന് മുൻഗണന നൽകിയാണ് കോൺഗ്രസിന് സീറ്റ് വിട്ടുനൽകാൻ വിജയ് തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ.
കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് പ്രവീൺ ചക്രവർത്തി സ്ഥാനാർഥിയാകാനാണ് സാധ്യത. നാമനിർദേശ പത്രിക അടുത്ത ദിവസങ്ങളിൽ സമർപ്പിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
എ ഐ എ ഡി എം കെ നേതാവായ സി വി ഷണ്മുഖം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജ്യസഭാംഗത്വം രാജിവെച്ചതോടെയാണ് സീറ്റ് ഒഴിവായത്. ജൂൺ 1-ന് നാമനിർദേശ നടപടികൾ ആരംഭിച്ചു. ജൂൺ 18-നാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും നിശ്ചയിച്ചിരിക്കുന്നത്.
ഈ തീരുമാനത്തോടെ തമിഴ്നാട്ടിൽ കോൺഗ്രസിന്റെ പാർലമെന്ററി സാന്നിധ്യം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാന മന്ത്രിസഭയിൽ രണ്ട് മന്ത്രിമാരും രാജ്യസഭയിൽ രണ്ട് അംഗങ്ങളും എന്ന നിലയിലേക്ക് കോൺഗ്രസ് എത്താനിടയുണ്ട്.

