തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണിലും വെള്ളത്തിലും പാടത്തും പറമ്പിലും പണിയെടുക്കുന്നവർക്ക് എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗബാധയ്ക്കെതിരെ കൃഷിപ്പണിയിലും പുരയിടം വൃത്തിയാക്കുന്ന ജോലിയിലും ഏർപ്പെടുന്നവർ ഉയർന്ന ജാഗ്രത പുലർത്തണമെന്നും ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
തുടർച്ചയായി മണ്ണുമായും മലിനജലവുമായും സമ്പർക്കത്തിൽ വരുന്ന തൊഴിലാളികളും കർഷകരും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കൃത്യമായ അളവിൽ കഴിക്കേണ്ടതാണ്. കൈകാലുകളിൽ മുറിവുകളുള്ളവർ യാതൊരു കാരണവശാലും മലിനമായ മണ്ണുമായോ വെള്ളവുമായോ നേരിട്ട് സമ്പർക്കത്തിൽ വരാൻ പാടില്ല. മുറിവുകൾ പൂർണ്ണമായും മറയുന്ന രീതിയിൽ ബാൻഡേജ് ഉപയോഗിച്ച് കെട്ടിവെക്കാനും, ജോലി സമയങ്ങളിൽ നീണ്ട കാലുറകളും (ഗം ബൂട്ട്സ്) കൈയുറകളും ധരിക്കാനും ശ്രദ്ധിക്കണം.
പനി, പേശീവേദന, കഠിനമായ തലവേദന, അമിതമായ ക്ഷീണം തുടങ്ങിയവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ആശുപത്രിയിൽ എത്തുമ്പോൾ തങ്ങൾ കൃഷിപ്പണിയിലോ മറ്റ് സമാനമായ തൊഴിൽ സാഹചര്യങ്ങളിലോ ഏർപ്പെടുന്നവരാണെന്ന വിവരം തീർച്ചയായും ഡോക്ടറെ ധരിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

