തിരുവനന്തപുരം: കേരളം ഗുരുതരമായ ധനപ്രതിസന്ധിയിലാണെന്നും സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയിലെത്തിയെന്നും സർക്കാർ പുറത്തിറക്കിയ ധവളപത്രം വ്യക്തമാക്കുന്നു. സംസ്ഥാന വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് തുടങ്ങിയ പ്രതിബദ്ധ ചെലവുകൾക്കായി ചെലവാകുന്നതിനാൽ നിലവിലെ സാമ്പത്തിക സ്ഥിതി ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കുന്നതല്ലെന്നാണ് വിലയിരുത്തൽ.
2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് സംസ്ഥാന ട്രഷറി കടുത്ത പണലഭ്യതാ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നതിന് തെളിവാണെന്നും ധവളപത്രം പറയുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
കിഫ്ബി വഴി സമാഹരിച്ച ഏകദേശം 21,000 കോടി രൂപയുടെ വായ്പയും യഥാർഥത്തിൽ സംസ്ഥാനത്തിന്റെ കടബാധ്യതയുടെ ഭാഗമാണെന്ന് ധവളപത്രം വ്യക്തമാക്കുന്നു. കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 78,851 കോടി രൂപയായി ഉയർന്നതായും രേഖയിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കുള്ള വകയിരുത്തലുകളിൽ കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ കുറവുണ്ടായതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്രസർക്കാർ ജീവനക്കാരുടെ നിലവാരത്തിലേക്ക് ഉയർത്തണമെന്ന ശുപാർശയും ധവളപത്രത്തിലുണ്ട്.
വിരമിക്കൽ പ്രായം ഒരു വർഷം വർധിപ്പിച്ചാൽ ഏകദേശം 6,000 കോടി രൂപയുടെ വിരമിക്കൽ ആനുകൂല്യച്ചെലവ് ലാഭിക്കാനാകുമെന്നാണ് റിപ്പോർട്ടിന്റെ കണക്ക്. ധനകാര്യ അച്ചടക്കവും ഘടനാപരമായ പരിഷ്കാരങ്ങളും ഇല്ലാതെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെയാണ് ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്.

