കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ് സംഭവിച്ചെന്ന ഗുരുതര ആരോപണവുമായി മരിച്ച യുവാവിന്റെ കുടുംബം രംഗത്ത്. കിഡ്നി സ്റ്റോൺ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് തെറ്റായ വൃക്കയിൽ ശസ്ത്രക്രിയ നടത്തിയതും തുടർചികിത്സയിലെ വീഴ്ചകളും മരണത്തിലേക്ക് നയിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി.
കോഴിക്കോട് സ്വദേശിയായ റീജിത്തിനെ 2025 ഓഗസ്റ്റിൽ ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായി മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് 6-ന് കീഹോൾ ശസ്ത്രക്രിയ നടത്തിയെങ്കിലും, നീക്കം ചെയ്യേണ്ടത് ഇടത് വൃക്കയിലെ കല്ലായിരിക്കെ ഡോക്ടർമാർ വലത് ഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ഭാര്യ ഷിജിലയും സഹോദരൻ റിജിലേഷും ആരോപിക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം വലതുഭാഗത്ത് മുറിവുണ്ടാക്കി ട്യൂബ് സ്ഥാപിച്ചിരുന്നെന്നും അവിടെ നിന്ന് പഴുപ്പ് ഒഴുകിയിരുന്നുവെന്നും കുടുംബം പറയുന്നു. പിന്നീട് വീണ്ടും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ കുടുംബത്തിന്റെ സമ്മതമില്ലാതെ ഇടത് ഭാഗത്തും ശസ്ത്രക്രിയ നടത്തിയതായും ആരോപണമുണ്ട്. ഇരുവശത്തും ശസ്ത്രക്രിയകൾക്കുശേഷം പഴുപ്പും നീർക്കെട്ടും ഉണ്ടായതായി ബന്ധുക്കൾ പറയുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം 18-ന് റീജിത്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലും വൃക്കകളിലും അണുബാധ ബാധിച്ചതോടെ നില ഗുരുതരമായി. തുടർന്ന് ഐസിയുവിലേക്ക് മാറ്റിയെങ്കിലും യുവാവ് മരിച്ചു. സംഭവത്തിൽ കഴിഞ്ഞ മാസം 31-ന് മെഡിക്കൽ കോളജ് സൂപ്രണ്ടിന് ഭാര്യ പരാതി നൽകിയിരുന്നു. തുടർന്ന് സഹോദരൻ മെഡിക്കൽ കോളജ് പോലീസിലും പരാതി നൽകി. പരാതി ലഭിച്ചതായും പ്രാഥമിക അന്വേഷണം നടത്തുന്നതിനായി അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ അനുമതി തേടിയിട്ടുണ്ടെന്നും മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ് ആരോപിച്ച് അടുത്തകാലത്ത് ഉയരുന്ന മറ്റൊരു വിവാദ സംഭവമാണിത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദിത്തം നിർണയിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

