ഇറാനുമായുള്ള യുദ്ധത്തിൽ ട്രംപിന് തിരിച്ചടി; യുദ്ധാധികാരം നിയന്ത്രിക്കുന്ന പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അധികാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട യുദ്ധാധികാര പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 215-208 എന്ന വോട്ടിനാണ് പ്രമേയം അംഗീകരിച്ചത്. നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തതോടെയാണ് പ്രമേയം പാസാകാൻ വഴിയൊരുങ്ങിയത്.

കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരായ സൈനിക നടപടികൾ തുടരാൻ പാടില്ലെന്നും, അത്തരം നടപടികൾക്ക് നിയമനിർമാണ സഭയുടെ അംഗീകാരം ആവശ്യമാണ് എന്നുമാണ് പ്രമേയത്തിന്റെ സാരം. അമേരിക്കൻ ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനും ദീർഘകാല സൈനിക ഇടപെടലുകൾക്ക് അനുമതി നൽകാനും കോൺഗ്രസിനുള്ള അധികാരം വീണ്ടും ഉറപ്പിക്കുന്ന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇറാനുമായുള്ള സംഘർഷം മാസങ്ങളായി തുടരുന്നതിനിടെയാണ് ഈ നടപടി.

യുദ്ധം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലും ആഭ്യന്തര രാഷ്ട്രീയത്തിലും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ, ട്രംപിന്റെ നയത്തിനെതിരായ അസംതൃപ്തി റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും ഉയരുന്നതിന്റെ സൂചനയായാണ് സഭാ വോട്ടെടുപ്പ് വിലയിരുത്തപ്പെടുന്നത്. പ്രമേയം ഉടൻ യുദ്ധം അവസാനിപ്പിക്കില്ല. ഇത് ഇനി സെനറ്റിന്റെ പരിഗണനയ്ക്കാണ് പോകുക. സെനറ്റും അംഗീകരിച്ചാലും പ്രസിഡന്റിന് വീറ്റോ ചെയ്യാൻ കഴിയും. എന്നിരുന്നാലും ട്രംപ് ഭരണകൂടത്തിന്റെ ഇറാൻ നയത്തിനെതിരായ ശക്തമായ രാഷ്ട്രീയ സന്ദേശമായാണ് ഈ വോട്ടെടുപ്പ് കണക്കാക്കപ്പെടുന്നത്.

അതേസമയം, പ്രമേയം പാസാകുന്നത് അമേരിക്കയുടെ സുരക്ഷാ താൽപര്യങ്ങളെയും ഇറാനുമായുള്ള ചർച്ചകളെയും പ്രതികൂലമായി ബാധിക്കുമെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു. കോൺഗ്രസിന്റെ നീക്കം ഇറാനോട് അമേരിക്കയുടെ കൈകൾ കെട്ടിയിരിക്കുകയാണെന്ന സന്ദേശം നൽകുമെന്നും ഭരണകൂടം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *