മോസ്കോ: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അതീവ സങ്കീർണവും ബഹുമുഖവുമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ഇരു രാജ്യങ്ങളുടെയും പ്രശ്നങ്ങളിൽ റഷ്യ മധ്യസ്ഥത വഹിക്കില്ലെന്നും, അതിൽ ഇടപെടുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ മേധാവികളുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ ഈ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങും അതിർത്തി തർക്കം ഉൾപ്പെടെയുള്ള പരസ്പര താൽപര്യ വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായും ചൈനയുമായും റഷ്യയ്ക്കുള്ള ബന്ധങ്ങൾ സ്വതന്ത്രമായി വളർന്നുവന്നതാണെന്നും, ഒരു രാജ്യവുമായുള്ള ബന്ധം മറ്റൊന്നിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമല്ലെന്നും പുടിൻ അഭിപ്രായപ്പെട്ടു.
ഇന്ത്യ–റഷ്യ ബന്ധം ചൈനയെ അസ്വസ്ഥമാക്കുന്നില്ലെന്നും, റഷ്യ–ചൈന ബന്ധം ഇന്ത്യയെ ബാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ–ഇന്ത്യ–ചൈന (RIC) സഹകരണ സംവിധാനത്തിന്റെ രൂപീകരണത്തെക്കുറിച്ചും പുടിൻ പരാമർശിച്ചു.
മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് ചർച്ച നടത്തണമെന്ന ആശയം താൻ മുന്നോട്ടുവച്ചിരുന്നുവെന്നും, പിന്നീട് അത് വിപുലമായ സഹകരണ വേദികൾക്ക് അടിത്തറയായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ–പാകിസ്താൻ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനും പുടിൻ മറുപടി നൽകി.
പാകിസ്താൻ പൂർണമായും ചൈനയുടെ നിയന്ത്രണത്തിലാണെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ വിവിധ രാജ്യങ്ങളുമായി ബന്ധമുള്ള വലിയ രാജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ–ചൈന അതിർത്തി പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരു രാജ്യങ്ങളും നേരിട്ട് പരിഹരിക്കണമെന്ന നിലപാടാണ് റഷ്യ തുടരുന്നതെന്നും പുടിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.

