സ
മോസ്കോ: യുക്രൈൻ പ്രസിഡന്റ് വൊളാഡിമർസെലൻസ്കി മുന്നോട്ടുവച്ച നേരിട്ടുള്ള കൂടിക്കാഴ്ചയും സമാധാന ചർച്ചയും സംബന്ധിച്ച നിർദേശം റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുഡ്ഡിംഗ് തള്ളി. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മുഖാമുഖം ചർച്ച നടത്താമെന്ന സെലൻസ്‌കിയുടെ തുറന്ന കത്തിനാണ് പുടിന്റെ പ്രതികരണം.
സെന്റ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ സംസാരിച്ച പുടിൻ, നിലവിലെ സാഹചര്യത്തിൽ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നതിൽ “അർഥമില്ല” എന്ന് പറഞ്ഞു. നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അനുകൂലമായ അന്തരീക്ഷമല്ല യുക്രൈൻ സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വിറ്റ്സർലൻഡ്, തുർക്കി അല്ലെങ്കിൽ അറബ് രാജ്യങ്ങൾ പോലുള്ള നിഷ്പക്ഷ വേദികളിൽ ചർച്ച നടത്താമെന്നും ചർച്ചകൾ നടക്കുന്നതിനിടെ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിക്കാമെന്നും സെലൻസ്‌കി നിർദേശിച്ചിരുന്നു. ഈ നിർദേശം റഷ്യ സ്വീകരിച്ചില്ല. അതേസമയം, യുക്രൈനിലെ ഡോൺബാസ് ഉൾപ്പെടെയുള്ള അധിനിവേശ മേഖലകളുമായി ബന്ധപ്പെട്ട റഷ്യയുടെ യുദ്ധലക്ഷ്യങ്ങളിൽ മാറ്റമില്ലെന്ന് പുടിൻ ആവർത്തിച്ചു. താൽക്കാലിക വെടിനിർത്തലിനേക്കാൾ സമഗ്രമായ രാഷ്ട്രീയ പരിഹാരമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുടിന്റെ നിലപാടിനെ തുടർന്ന് പ്രതികരിച്ച സെലൻസ്‌കി, നേരിട്ടുള്ള ചർച്ചാ നിർദേശം തള്ളിയതിലൂടെ റഷ്യ വീണ്ടും “യുദ്ധം തന്നെയാണ് തിരഞ്ഞെടുത്തത്” എന്ന് ആരോപിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള അവസരം റഷ്യ നിരസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2022-ൽ ആരംഭിച്ച റഷ്യ–യുക്രൈൻ യുദ്ധം നാലാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

