‘കോക്രോച്ച് ജനതാ പാർട്ടി’യുടെ പ്രതിഷേധം ഇന്ന്; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രധാന ആവശ്യം

‘കോക്രോച്ച് ജ

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ ‘കോക്രോച് ജനത പാർട്ടി (CJP)’യുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്നതാണ് പ്രധാന ആവശ്യം. പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, മൂല്യനിർണയ പിഴവുകൾ, യുവജന തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിജിത്ത് ദീപ് കെ സ്ഥാപിച്ച ഈ പ്രസ്ഥാനം സാമൂഹിക മാധ്യമങ്ങളിൽ വലിയ പിന്തുണ നേടിയിട്ടുണ്ട്. ലക്ഷക്കണക്കിന് യുവാക്കൾ സംഘടനയുടെ ഹർജികളിലും പ്രചാരണങ്ങളിലും പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ ദേശീയപതാകയും പുസ്തകവും കൈവശം വഹിക്കണമെന്നും സമാധാനപരമായി പ്രതിഷേധിക്കണമെന്നും സംഘാടകർ നിർദേശിച്ചിട്ടുണ്ട്. പ്രകോപനങ്ങൾക്ക് വഴങ്ങരുതെന്നും മതിയായ വെള്ളം കരുതണമെന്നും അവർ ആഹ്വാനം ചെയ്തു. പ്രതിഷേധത്തെ തുടർന്ന് ജന്തർ മന്തർ പരിസരത്തും മധ്യ ഡൽഹിയിലെ ചില ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു.

‘കോക്രോച്ച്’ എന്ന പദം യുവാക്കളെ പരാമർശിച്ച് നടത്തിയതായി വിവാദമായ ഒരു ന്യായാധിപന്റെ പരാമർശത്തെ തുടർന്നാണ് ഈ പ്രസ്ഥാനം രൂപംകൊണ്ടത്. പിന്നീട് അത് വിദ്യാഭ്യാസം, തൊഴിൽ, യുവജനാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനമായി വളർന്നു. പ്രതിഷേധത്തിൽ സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക് പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *