കൊച്ചി: ഏറെ നാളായി നിലനിൽക്കുന്ന പര്യത്തുകാവ് ഭൂമി തർക്കത്തിൽ ഇരുവിഭാഗങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ പ്രായോഗിക പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. ഇരുവിഭാഗങ്ങളുടെയും താല്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് മാത്രമേ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന അനുരഞ്ജന ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തർക്കഭൂമിക്ക് അധികം അകലെയല്ലാത്ത മറ്റൊരു പ്രദേശത്ത് പര്യത്തുകാവ് നിവാസികൾക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകാൻ തയ്യാറാണെന്ന് ശങ്കരൻ നായരുടെ കുടുംബം ചർച്ചയിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ തർക്കത്തിലായിരിക്കുന്ന ഭൂമിയിൽ തന്നെ അവർക്ക് വീടുവെക്കാൻ അഞ്ച് സെന്റ് സ്ഥലവും ആവശ്യമായ വഴിസൗകര്യവും ഉറപ്പാക്കണമെന്നാണ് സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശം. ഈ നിർദ്ദേശങ്ങൾ തങ്ങളുടെ കുടുംബാംഗങ്ങളുമായി വിശദമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം അറിയിക്കാൻ ഇരുവിഭാഗവും നിലവിൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
കേരള ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ള സമയപരിധിയായ ജൂൺ 16-ന് മുൻപ് തന്നെ കേസ് പൂർണ്ണമായും ഒത്തുതീർപ്പാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, ഡെപ്യൂട്ടി കളക്ടർ വി.ഇ അബ്ബാസ്, കുന്നത്തുനാട് തഹസിൽദാർ എം.മായ എന്നിവരും വിവിധ ജനപ്രതിനിധികളും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

