പാലക്കാട്: കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലക്കാട് ജില്ലാതല പരിസ്ഥിതി ദിനാഘോഷം രമേഷ് പിഷാരടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ മറ്റൊരാളെപ്പോലെ കരുതാതെ സ്വന്തമെന്ന രീതിയിൽ സംരക്ഷിക്കേണ്ടതുണ്ടെന്ന ബോധ്യം ഓരോരുത്തരിലും ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ മാത്രമേ നല്ലൊരു ജീവിത ചുറ്റുപാട് കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ. പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്ന വൃക്ഷത്തൈകൾ കൃത്യമായി പരിപാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തിന് ശേഷം സ്കൂൾ അങ്കണത്തിൽ അദ്ദേഹം വൃക്ഷത്തൈ നട്ടു.
പിരായിരി പുളിയപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ഇൻ ചാർജ്) എൻ. സരിത അധ്യക്ഷത വഹിച്ചു. പാലക്കാട് എ.ഇ.ഒ രമേഷ് പാറപ്പുറത്ത് മുഖ്യപ്രഭാഷണവും, എസ്. അറുമുഖ പ്രസാദ് പദ്ധതി വിശദീകരണവും നിർവ്വഹിച്ചു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ്, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഇസ്മയിൽ, വൈസ് പ്രസിഡന്റ് വി. സഫിയ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രത്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ്, ഷഹന ടീച്ചർ, സുജാത, ഇബ്രാഹിം ബാദുഷ, ഷെമീന ആസാദ്, ഷംസാദ് നിഷ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗജ, വാർഡ് അംഗം സുഗുണ, പാലക്കാട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി. രശ്മി കൃഷ്ണൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വൈ. പി), കൃഷി ഓഫീസർ പി. അജിത് എന്നിവർക്കൊപ്പം അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

