പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാകണം: മന്ത്രി കെ. എ. തുളസി

പാലക്കാട്: പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമാകണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി പറഞ്ഞു. വനം വന്യജീവി വകുപ്പിന്റെ സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം കരിമ്പ ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള പാലക്കാട് ജില്ലയിൽ കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്നങ്ങൾ സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രകൃതി സംരക്ഷണത്തിന് അതീവപ്രാധാന്യം നൽകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളുടെ ഓരോ വാക്കും പ്രവൃത്തിയും പ്രകൃതിക്ക് താങ്ങും തണലുമാകാൻ ശ്രദ്ധിക്കണം. ലഹരി പോലുള്ള സാമൂഹിക വിപത്തുകളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താൻ പ്രകൃതിപരിപാലനം പോലുള്ള സർഗ്ഗാത്മകമായ പ്രവർത്തനങ്ങൾ സഹായിക്കുമെന്നും മന്ത്രി വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

‘പ്രകൃതിയിൽ നിന്ന് പ്രചോദനം – കാലാവസ്ഥയ്ക്ക് വേണ്ടി നമ്മുടെ ഭാവിക്കു വേണ്ടി’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് മന്ത്രി വൃക്ഷത്തൈകൾ നട്ടു. ഫോറസ്ട്രി ക്ലബ് വിദ്യാർത്ഥികൾക്കായുള്ള ‘ഗ്രീൻ ബയിങ്’ (Green Buying) പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വിപണിയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും പ്രകൃതിസൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി തയ്യാറാക്കിയ തുണിസഞ്ചികളുടെ വിതരണോദ്ഘാടനവും, കരിമ്പ സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് യൂസഫ് പാലയ്ക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബീന ജോയ്, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബിനോയ് എൻ. ജോൺ, ജി.എച്ച്.എസ് പ്രധാന അധ്യാപകൻ എം. ജമീർ, പി.ടി.എ പ്രസിഡന്റ് കെ. പി. രാധാകൃഷ്ണൻ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സുമു സ്കറിയ, മണ്ണാർക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. ജിനേഷ് എന്നിവരും വിവിധ ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *