ബ്രിസ്ബേൻ: വർഷങ്ങൾക്ക് മുൻപ് കുത്തേറ്റു മരിച്ച കൗമാരക്കാരൻ ആംഗസ് ബോമോണ്ടിന്റെ കുടുംബത്തെ തേടി വീണ്ടും വലിയൊരു ദുരന്തം. ഓസ്ട്രേലിയയിലെ ക്ലോൺടാർഫിൽ ശനിയാഴ്ച ഉണ്ടായ അക്രമത്തെ ത്തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ ഈ കുടുംബത്തിന്റെ വീട് പൂർണ്ണമായും കത്തിനശിച്ചു. കൊല്ലപ്പെട്ട മകന്റെ മെഡലുകളും ഫുട്ബോൾ ജേഴ്സികളും ഉൾപ്പെടെയുള്ള എല്ലാ ഓർമ്മകളും തങ്ങൾക്ക് നഷ്ടമായ തായി മാതാപിതാക്കളായ മിഷേൽ ലിഡിലും ബെൻ ബോമോണ്ടും കണ്ണീരോടെ പറഞ്ഞു.
മുൻപ് തങ്ങളുടെ 15 വയസ്സുകാരനായ മകൻ ആംഗസ് ബോമോണ്ട് കുത്തേറ്റു മരിച്ചതിനെത്തുടർന്ന്, യുവാക്കൾക്കിടയിലെ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പരിഷ്കരണ ക്യാമ്പയിനുകളിലൂടെ മാധ്യമങ്ങൾക്ക് സുപരിചിതരായ ദമ്പതികളാണ് ഇവർ. എന്നാൽ, ഇപ്പോഴുണ്ടായ പുതിയ ദുരന്തം ഇവരെ പൂർണ്ണമായും തളർത്തിക്കളഞ്ഞു. മിഷേലിന്റെ മൂത്ത മകനായ 36-കാരൻ കോറി റാമൺ വാർഡിൽ ആണ് വീടിന് തീയിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. കടുത്ത മാനസിക വിഭ്രാന്തിയിലായിരുന്ന ഇയാൾ ഇന്ധനമൊഴിച്ച് വീടിന് തീ കൊളുത്തുകയായിരുന്നു.
തീ ആളിക്കത്തുന്നതിനിടയിൽ നിന്നും ഇളയ മകനോടൊപ്പം ദമ്പതികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തങ്ങളുടെ വളർത്തുനായയാണ് പുക പടരുന്നതിനിടയിലൂടെ പുറത്തേക്ക് കടക്കാനുള്ള വഴി കാട്ടിത്തന്നതെന്ന് ബെൻ ബോമോണ്ട് പറഞ്ഞു. ജീവൻ അപകടത്തിലായ സാഹചര്യത്തിലും കൊല്ലപ്പെട്ട മകൻ ആംഗസിന്റെ ചിതാഭസ്മം കൈക്കലാക്കിയ ശേഷമാണ് താൻ വീടിന് പുറത്തിറങ്ങിയതെന്ന് അമ്മ മിഷേൽ ലിഡിൽ വെളിപ്പെടുത്തി. തീപിടുത്തത്തിൽ ഇവരുടെ വീടിന് പുറമെ സമീപത്തുണ്ടായിരുന്ന മറ്റ് രണ്ട് വീടുകൾ കൂടി പൂർണ്ണമായും നശിച്ചു.
അതേസമയം, സംഭവത്തിന് മുൻപായി തങ്ങൾ സഹായം അഭ്യർത്ഥിച്ച് മണിക്കൂറുകളോളം പോലീസിനെ (Triple Zero) വിളിച്ചിട്ടും കൃത്യമായ സമയത്ത് പ്രതികരണമുണ്ടായില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. ആവശ്യമായ സമയത്ത് പോലീസുകാർ എത്തിയില്ലെന്നും, മാനസികാരോഗ്യ പ്രശ്നമുള്ള മകന് കൃത്യമായ പരിചരണം നൽകാൻ അവർ തയ്യാറായില്ലെന്നും ഇവർ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ മാധ്യമങ്ങൾ പോലീസിന്റെ പ്രതികരണം തേടിയിട്ടുണ്ട്.
അഗ്നിബാധയെത്തുടർന്ന് മൂന്ന് കൊലപാതക ശ്രമങ്ങൾക്കും മൂന്ന് വീടുകൾക്ക് തീയിട്ടതിനും പ്രതിയായ കോറി റാമൺ വാർഡിലിനെ ഇന്നലെ ബ്രിസ്ബേൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ ഇയാൾ ഇപ്പോഴും ആശുപത്രിയിൽ മാനസികാരോഗ്യ നിരീക്ഷണത്തിൽ തുടരുന്നതിനാൽ കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് റെഡ്ക്ലിഫ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടെങ്കിലും ജീവനോടെ ഇരിക്കാൻ കഴിഞ്ഞതാണ് ആശ്വാസമെന്ന് ദമ്പതികൾ വ്യക്തമാക്കി.

