ഭവനനികുതി പരിഷ്കാരം; ഓസ്‌ട്രേലിയൻ ഭവനമേഖലയിൽ പ്രത്യാഘാതങ്ങൾ പ്രകടമായിത്തുടങ്ങിയതായി റിപ്പോർട്ട്

സിഡ്നി: ഓസ്‌ട്രേലിയയിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ രണ്ടാം ഭരണകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ഭവനനികുതി പരിഷ്കാരങ്ങളുടെ പ്രത്യാഘാതങ്ങൾ രാജ്യത്തെ പ്രോപ്പർട്ടി മാർക്കറ്റിൽ പ്രകടമായിത്തുടങ്ങി. മെയ് 12-ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ‘നെഗറ്റീവ് ഗിയറിംഗ്”ക്യാപിറ്റൽ ഗെയിൻസ് ടാക്സ്’ എന്നിവയിലെ മാറ്റങ്ങൾ പുറത്തുവന്ന് മൂന്നാഴ്ച പിന്നിടുമ്പോൾ, വിപണിയിലെ തണുപ്പൻ പ്രതികരണത്തിന്റെ കൃത്യമായ കണക്കുകളാണ് ഭവനമേഖലയിൽ നിന്നുള്ള പുതിയ ഡാറ്റ വ്യക്തമാക്കുന്നത്. സാധാരണക്കാരുടെ ഭവനസ്വപ്നങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ഇത് വീടുകളുടെ മൂല്യം തകർക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടയിലാണ് പുതിയ വിപണി വിവരങ്ങൾ പുറത്തുവരുന്നത്.

പലിശനിരക്ക് വർദ്ധനവ്, ജനങ്ങളുടെ പരിമിതമായ സാമ്പത്തികശേഷി, രാജ്യത്ത് നിലനിൽക്കുന്ന ഇന്ധന പ്രതിസന്ധി എന്നിവ കാരണം മെയ് മാസത്തിന് മുൻപ് തന്നെ പ്രോപ്പർട്ടി മേഖലയിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഭവനവിപണികളായ സിഡ്നിയിലും മെൽബണിലും വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മെയ് ആദ്യവാരത്തിൽ വിലയിൽ നേരിയ വർദ്ധനവ് ദൃശ്യമായെങ്കിലും ബഡ്ജറ്റ് പ്രഖ്യാപനത്തോടെ ഈ ട്രെൻഡ് പൂർണ്ണമായും മാറിമറിയുകയും വില കുത്തനെ ഇടിയുകയുമാണുണ്ടായത്. മെയ് 12-ന് ശേഷം വീട് വാങ്ങുന്ന നിക്ഷേപകർക്ക് അടുത്ത വർഷം പകുതി മുതൽ ‘നെഗറ്റീവ് ഗിയറിംഗ്’ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നതാണ് വിപണിയെ ബാധിച്ചത്. എന്നാൽ പുതിയ വീടുകൾ വാങ്ങുന്നവർക്ക് വിതരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ നിബന്ധനയിൽ ഇളവ് നൽകിയിട്ടുണ്ട്.

പുതിയ നികുതി പരിഷ്കാരങ്ങൾ കാരണം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഭവനവിലയിൽ 2 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് ട്രഷറി കണക്കാക്കുന്നത്. എന്നാൽ പ്രമുഖ ധനകാര്യ സ്ഥാപനമായ എ.എം.പി (AMP) യുടെ ചീഫ് ഇക്കണോമിസ്റ്റ് ഷെയ്ൻ ഒലിവറുടെ വിലയിരുത്തൽ പ്രകാരം അടുത്ത 12 മാസത്തിനുള്ളിൽ വിപണിയിൽ 5 ശതമാനത്തിന്റെ ഇടിവുണ്ടാകും. വാടകയിൽ നിന്നുള്ള ലാഭം വർദ്ധിക്കുന്നത് വരെ വരും മാസങ്ങളിൽ നിക്ഷേപകർ വീടുകൾ വാങ്ങുന്നതിൽ നിന്നും പിൻമാറുമെന്നും ഇതിന്റെ ആഘാതം വളരെ പെട്ടെന്ന് തന്നെ വിപണിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഡ്ജറ്റ് മാറ്റങ്ങളോടുള്ള വിപണിയുടെ പ്രതികരണം പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്ന് കോമൺവെൽത്ത് ബാങ്ക് സാമ്പത്തിക വിദഗ്ദ്ധരും സമ്മതിക്കുന്നു. എങ്കിലും പലിശനിരക്ക്, ജനസംഖ്യാ വളർച്ച, ഭവന ലഭ്യത എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ നികുതി പരിഷ്കാരങ്ങൾ വിലയെ ബാധിക്കുന്ന നാലാമതോ അഞ്ചാമതോ ഉള്ള ഒരു ഘടകം മാത്രമാണെന്നാണ് ഇവരുടെ പക്ഷം.

പുതിയ പരിഷ്കാരങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക സിഡ്നിയെ ആയിരിക്കുമെന്നാണ് ആദ്യകാല സൂചനകൾ. ന്യൂ സൗത്ത് വെയ്ൽസിൽ ഭവനവായ്പ എടുക്കുന്നവരിൽ 43 ശതമാനത്തിലധികം പേരും നിക്ഷേപകരാണ് . ഇവിടുത്തെ ഉയർന്ന ഭവനവില കാരണം വാടകയിൽ നിന്നുള്ള ലാഭവിഹിതം രാജ്യത്ത് തന്നെ ഏറ്റവും കുറവാണ്. നെഗറ്റീവ് ഗിയറിംഗ് ആനുകൂല്യം കൂടി ഇല്ലാതാകുന്നതോടെ നിക്ഷേപകർക്ക് സിഡ്നി മാർക്കറ്റ് ആകർഷകമല്ലാതാകും. എന്നാൽ ഇത് വിപണിയിൽ ഇതുവരെ ഇടംപിടിക്കാൻ കഴിയാതിരുന്ന ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ രീതിയിൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. സമാനമായ രീതിയിൽ വാടക ലാഭം കുറവായതാണ് മെൽബണിലും മെയ് മാസത്തിൽ വില താഴേക്ക് പോകാൻ കാരണമായത്. മാതാപിതാക്കൾക്ക് മനസ്സമാധാനം നൽകാനും യുവാക്കൾക്ക് അവരുടെ കുട്ടിക്കാലം ആസ്വദിക്കാൻ അവസരമൊരുക്കാനുമാണ് ഈ പരിഷ്കാരങ്ങളെന്ന് പ്രധാനമന്ത്രി ആന്റണി അൽബാനീസ് ഈ നടപടിയെ ന്യായീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *