നീറ്റ് പുനഃപരീക്ഷ: ചോദ്യപ്പേപ്പറുകൾ എത്തിക്കാൻ കാവലായി ഇന്ത്യൻ വ്യോമസേന


ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി (NEET-UG) പരീക്ഷ വീണ്ടും നടത്തുമ്പോൾ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാർ നടപടി. ജൂൺ 21-ന് നടക്കുന്ന പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇത്തവണ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടി. രാജ്യത്ത് ഒരു ദേശീയ പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ വിതരണത്തിനായി സായുധ സേനയെ നിയോഗിക്കുന്നത് ഇതാദ്യമായാണ്.


രാജ്യത്തുടനീളമുള്ള 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പുനഃപരീക്ഷ എഴുതുന്നത്. പരീക്ഷാ നടപടികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ പ്രോട്ടോക്കോളുകളാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.
പുനഃപരീക്ഷാ ഒരുക്കങ്ങൾ വിലയിരുത്താൻ തെലങ്കാന ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവുവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് വ്യോമസേനയെ പങ്കാളിയാക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്.

തെലങ്കാനയിലെ 24 നഗരങ്ങളിലായി 208 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന് മേയ് 12-നാണ് എൻടിഎ റദ്ദാക്കിയത്. നിലവിൽ ഈ സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പരീക്ഷാ കേന്ദ്രങ്ങളിൽ പോലീസിന്റെ കർശന നിരീക്ഷണവും സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാനുള്ള നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *