മെൽബൺ: ഓസ്‌ട്രേലിയ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ത്രിരാഷ്ട്ര പ്രതിരോധ സഖ്യമായ ‘ഓക്കസ്’ (AUKUS) പദ്ധതിയിൽ നിന്നും രാജ്യം പിന്നോട്ടില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് വ്യക്തമാക്കി. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ വാങ്ങാനുള്ള കോടിക്കണക്കിന് ഡോളറിന്റെ കരാർ റദ്ദാക്കണമെന്ന് ഗ്രീൻസ് പാർട്ടി ആവശ്യപ്പെട്ടതിന് പിന്നാലെയാണ്, പദ്ധതിയുമായി ‘പൂർണ്ണ വേഗതയിൽ’ മുന്നോട്ട് പോകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി രംഗത്തെ ത്തിയത്. അമേരിക്കയിൽ നിന്ന് പുതിയതും പഴയതുമായ അന്തർവാഹിനികൾ വാങ്ങുന്നതിന് പകരം, സെക്കൻഡ് ഹാൻഡ് ‘വർജീനിയ ക്ലാസ്’ അന്തർവാഹിനികൾ വാങ്ങാൻ ഓസ്‌ട്രേലിയ തീരുമാനിച്ചതോടെയാണ് കരാറിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ വീണ്ടും ശക്തമായത്.
368 ബില്യൺ ഡോളറിന്റെ ഈ ബൃഹത്തായ പ്രതിരോധ കരാർ ഓസ്‌ട്രേലിയ ഉപേക്ഷിക്കണമെന്നാണ് ഗ്രീൻസ് പാർട്ടിയുടെ ആവശ്യം. ഞായറാഴ്ച എബിസിയുടെ ‘ഇൻസൈഡേഴ്സ്’ പരിപാടിയിൽ സംസാരിക്കവെ, ഗ്രീൻസ് പാർട്ടിയുടെ പ്രതിരോധ വക്താവ് ഡേവിഡ് ഷൂബ്രിഡ്ജ് സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ഓസ്‌ട്രേലിയയുടെ സൈനിക ആസ്തികൾ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനായിരിക്കണം ഊന്നൽ നൽകേണ്ടതെന്നും അതിനായി പരമ്പരാഗത അന്തർവാഹിനികൾ മതിയെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം തീരത്തുനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ പോയി പ്രവർത്തിക്കാൻ ശേഷിയുള്ള ആണവ അന്തർവാഹിനികളുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഷൂബ്രിഡ്ജ്, ഈ കരാറിലൂടെ അമേരിക്കൻ സൈന്യത്തിന്റെ ഒരു ഉപവിഭാഗമായി ഓസ്‌ട്രേലിയ മാറുമെന്നും ഇത് ചൈനയുമായി ഭാവിയിലുണ്ടായേ ക്കാവുന്ന ഒരു യുദ്ധത്തിലേക്ക് ഓസ്‌ട്രേലിയയെ വലിച്ചിഴയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഓസ്‌ട്രേലിയ നേരിടുന്ന ഏറ്റവും വലിയ തന്ത്രപരമായ ഭീഷണി ചൈനയുടെ സൈനിക വളർച്ചയല്ല, മറിച്ച് വാഷിംഗ്ടണിന് മുന്നിൽ കാൻബറയുടെ പരമാധികാരം നഷ്ടപ്പെടുന്നതാണെന്നും ഗ്രീൻസ് പാർട്ടി ആരോപിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പരമ്പരാഗത അന്തർവാഹിനികൾ വാങ്ങാൻ ഓസ്‌ട്രേലിയക്ക് ഇപ്പോഴും അവസരമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ ക്വീൻസ്‌ലാന്റിലെ കാലൗൺഡ്രയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി അൽബനീസ് ഈ വിമർശനങ്ങളെ പൂർണ്ണമായി തള്ളിപ്പറഞ്ഞു. പ്രതിരോധ കാര്യങ്ങളിൽ ഗ്രീൻസ് പാർട്ടിയുടെ ഉപദേശം തേടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദ്വീപ് ഭൂഖണ്ഡം എന്ന നിലയിൽ നാവികസേനയ്ക്കും അന്തർവാഹിനികൾക്കും മുൻഗണന നൽകേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. അമേരിക്കയുമായുള്ള സഖ്യം ശക്തമായി തുടരുമ്പോഴും തങ്ങൾ മേഖലയിൽ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ചൈനയുമായുള്ള ഓസ്‌ട്രേലിയയുടെ ബന്ധം നിലവിൽ വളരെ മികച്ചതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

