റീട്ടെയിൽ ജീവനക്കാർക്ക് നേരെയുള്ള അക്രമങ്ങള്‍ ; ദൃശ്യങ്ങൾ പുറത്തുവിട്ട് വൂൾവർത്ത്സ്,സംരക്ഷണ നിയമങ്ങൾ വേഗത്തിലാക്കാൻ ആവശ്യം

മെൽബൺ: ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റ് ഭീമനായ വൂൾവർത്ത്സ് (Woolworths) തങ്ങളുടെ ജീവനക്കാർക്ക് നേരെ ഉണ്ടാകുന്ന ദാരുണമായ അക്രമങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. രാജ്യത്ത് റീട്ടെയിൽ ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ പുതിയ തൊഴിലിട സംരക്ഷണ നിയമങ്ങൾ (Workplace Protection Laws) അടിയന്തിരമായി നടപ്പിലാക്കണമെന്ന് ജീവനക്കാരും റീട്ടെയിൽ യൂണിയനുകളും സർക്കാരിനോട് ആവശ്യപ്പെട്ടു.

പുറത്തുവന്ന ഒരു വീഡിയോ ദൃശ്യത്തിൽ, കടയിൽ നിന്നും പുറത്താക്കാൻ ശ്രമിച്ച കൗമാരക്കാരായ ചില യുവാക്കൾ 55 വയസ്സുള്ള വൂൾവർത്ത്സ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുന്നത് കാണാം. ഇതിലൊരാൾ ഗ്ലാസ് ജാർ ഉപയോഗിച്ച് തലയ്ക്കടിച്ചതിനെ തുടർന്ന് ഇയാൾ നിലത്തുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഈ ജീവനക്കാരൻ ഇപ്പോഴും ചികിത്സയിലാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതേ സ്റ്റോറിൽ വെച്ച് മറ്റൊരു വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. തങ്ങളുടെ അംഗങ്ങൾ ദിവസേന ഇത്തരം ഭീഷണികളാണ് നേരിടുന്നതെന്നും ഇത് ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്നും ഡിസ്ട്രിബ്യൂട്ടീവ് ആൻഡ് അലൈഡ് എംപ്ലോയീസ് അസോസിയേഷൻ (SDA) എൻ.എസ്.ഡബ്ല്യു ബ്രാഞ്ച് സെക്രട്ടറി ബെർണി സ്മിത്ത് പറഞ്ഞു.

ന്യു സൗത്ത് വെയ്ൽസിലെ (NSW) വൂൾവർത്ത്സ് ജീവനക്കാർക്ക് നേരെ 2025-ൽ മാത്രം 1,400 അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 5 ശതമാനം കൂടുതലാണ്. ഇതിൽ 88 സംഭവങ്ങളിൽ കത്തി പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടന്നത്.

തുടർച്ചയായി അക്രമം കാണിക്കുന്ന ഉപഭോക്താക്കളെ സ്റ്റോറുകളിൽ പ്രവേശിക്കുന്നതിൽ നിന്നും ശാശ്വതമായി വിലക്കുന്നതിനുള്ള ‘വർക്ക്പ്ലേസ് പ്രൊട്ടക്ഷൻ ഓർഡറുകൾ’ അടിയന്തിരമായി നടപ്പിലാക്കാൻ എൻ.എസ്.ഡബ്ല്യു സർക്കാരിനോട് വൂൾവർത്ത്സ് ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിൽ (ACT) കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിലവിലുള്ള ഈ കർശന നിയമം മൂലം സമാനമായ കുറ്റകൃത്യങ്ങൾ വീണ്ടും ആവർത്തിക്കുന്നത് 92 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. വെസ്റ്റേൺ ഓസ്‌ട്രേലിയയും (WA) ഈ നിയമം ഉടൻ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. അതേസമയം, വിഷയം ഗൌരവത്തോടെയാണ് കാണുന്നതെന്നും ഈ വർഷം തന്നെ ഇതിനായുള്ള നിയമനിർമ്മാണം കൊണ്ടുവരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വർക്ക് ഹെൽത്ത് ആൻഡ് സേഫ്റ്റി മന്ത്രി സോഫി കോട്സിസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *