ന
ചെന്നൈ: തമിഴ്നാട്ടിലെ ടി.വി.കെ. (തമിഴക വെട്രി കഴകം) സർക്കാർ മൂന്നുമാസം തികയ്ക്കുമോ എന്ന് ജനങ്ങൾക്ക് സംശയമുണ്ടെന്ന് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. മുൻ വി.സി.കെ. എം.എൽ.എ. പനയ്യൂർ ബാബുവും അനുയായികളും ഡി.എം.കെ.യിൽ ചേരുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ഭരണകൂടത്തിനെതിരായ വിമർശനം ഡി.എം.കെ. ശക്തമാക്കുന്നു എന്ന സൂചനയാണ് സ്റ്റാലിന്റെ വാക്കുകൾ നൽകുന്നത്.ആദ്യത്തെ ആറുമാസത്തേക്ക് ടി.വി.കെ. സർക്കാരിനെ വിമർശിക്കേണ്ടതില്ലെന്നായിരുന്നു ഡി.എം.കെ.യുടെ മുൻ തീരുമാനം. എന്നാൽ അത്രയും സമയം തികയുന്നതിന് മുൻപ് തന്നെ ചർച്ച ചെയ്യേണ്ട നിരവധി വിഷയങ്ങൾ ഉയർന്നുവന്നതായി സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
അഞ്ചോ ആറോ മാസം പോയിട്ട് ഈ സർക്കാരിന് മൂന്ന് മാസം പോലും തികയ്ക്കാനാകുമോ എന്ന സംശയത്തിലാണ് ഇപ്പോൾ ജനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡി.എം.കെ.യുടെ ഔദാര്യം കൊണ്ടാണ് ടി.വി.കെ. നിലവിൽ ഭരണം നടത്തുന്നതെന്ന് കഴിഞ്ഞ ശനിയാഴ്ചയും സ്റ്റാലിൻ പ്രസ്താവിച്ചിരുന്നു. ഡി.എം.കെ. സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ടി.വി.കെ. സർക്കാരുണ്ടാക്കിയത്. സംസ്ഥാനം ഗവർണർ ഭരണത്തിലേക്ക് നീങ്ങുന്നത് തടയാൻ വേണ്ടിയാണ് സഖ്യകക്ഷികൾ പിന്തുണ നൽകിയതെന്നും, അതിന് മുൻപ് അവർ തന്നോട് കൂടിയാലോചന നടത്തിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിലവിലെ സർക്കാരിനെ താഴെയിറക്കാൻ ഡി.എം.കെ. പ്രവർത്തകർ പ്രതിജ്ഞയെടുക്കണമെന്നും സ്റ്റാലിൻ ആഹ്വാനം ചെയ്തു.എം.എ.ൽ.എ. എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പനയ്യൂർ ബാബുവിന്റെയും മറ്റ് പാർട്ടി പ്രവർത്തകരുടെയും ഡി.എം.കെ.യിലേക്കുള്ള കടന്നുവരവ് സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണെന്നും എം.കെ. സ്റ്റാലിൻ അവകാശപ്പെട്ടു.

