മാധ്യമപ്രവർത്തകയോട് തർക്കിച്ച് അഭിമുഖത്തിൽനിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോയി ഡൊണാൾഡ് ട്രംപ്

വാഷിങ്‌ടൺ: മുൻ പ്രസിഡന്റ് ജോ ബൈഡനെതിരെയുള്ള വിമർശനങ്ങളും 2020-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളും ഉന്നയിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. എൻ.ബി.സി ന്യൂസിന്റെ (NBC News) പ്രമുഖ പരിപാടിയായ ‘മീറ്റ് ദ പ്രസ്’ (Meet the Press)-നിടെയായിരുന്നു സംഭവം. അവതാരക ക്രിസ്റ്റൻ വെൽക്കറുമായി ഉണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിലാണ് ട്രംപ് അഭിമുഖം പാതിവഴിയിൽ അവസാനിപ്പിച്ചത്. ‘നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. ഞാൻ കേൾക്കേണ്ടത്ര കേട്ടുകഴിഞ്ഞു. നന്ദി ഡാർലിങ്,’ എന്ന് പറഞ്ഞ് ട്രംപ് മൈക്രോഫോൺ ഊരിമാറ്റി പിന്മാറുകയായിരുന്നു.

അമേരിക്കയിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടതാണെന്ന തന്റെ മുൻ ആരോപണങ്ങളെ ട്രംപ് അഭിമുഖത്തിൽ ശക്തമായി ന്യായീകരിച്ചു. എന്നാൽ ഈ വാദങ്ങൾ ശരിവെക്കുന്ന കൃത്യമായ തെളിവുകൾ ഹാജരാക്കാൻ അവതാരക ക്രിസ്റ്റൻ വെൽക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ ട്രംപ് പ്രകോപിതനാകുകയും അഭിമുഖം തർക്കത്തിലേക്ക് നീങ്ങുകയുമായിരുന്നു.ഇറാൻ യുദ്ധത്തെക്കുറിച്ചും ചർച്ചാ പുരോഗതിയെക്കുറിച്ചുമുള്ള പരാമർശങ്ങളോടെയാണ് അഭിമുഖം ആരംഭിച്ചത്.

തുടർന്ന്, മുൻ ഭരണകൂടം അന്യായമായി വേട്ടയാടിയെന്ന് വിശ്വസിക്കുന്ന ആളുകൾക്ക് നഷ്ടപരിഹാരം നൽകാനായി ട്രംപ് മുന്നോട്ടുവെച്ച 1.8 ബില്യൺ ഡോളറിന്റെ ‘ആന്റി-വെപ്പണൈസേഷൻ’ (ഭരണകൂട ദുരുപയോഗ വിരുദ്ധ) പദ്ധതിയെക്കുറിച്ച് വെൽക്കർ ചോദ്യം ഉന്നയിച്ചു. ഈ വിഷയത്തിൽ സംസാരിക്കുന്നതിനിടയിലാണ് മുൻ പ്രസിഡന്റ് ജോ ബൈഡനും മാധ്യമങ്ങൾക്കുമെതിരെ ട്രംപ് ആഞ്ഞടിച്ചത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഇപ്പോൾ കാലിഫോർണിയയിലും ഇതേ അഴിമതിയാണ് നടക്കുന്നതെന്നും ട്രംപ് വാദിച്ചു. എന്നാൽ, ട്രംപിന്റെ ആരോപണങ്ങൾക്ക് തെളിവുകളില്ലെന്ന് വെൽക്കർ ചൂണ്ടിക്കാണിക്കുകയും വിശദീകരണങ്ങൾ നൽകാൻ ശ്രമിക്കുകയും ചെയ്തത് ട്രംപിനെ കൂടുതൽ പ്രകോപിതനാക്കി.തർക്കം രൂക്ഷമായതോടെ ട്രംപ് മാധ്യമങ്ങൾക്കെതിരെ തിരിയുകയും, വെൽക്കറെയും ‘മീറ്റ് ദ പ്രസ്’ പരിപാടിയെയും അഴിമതി നിറഞ്ഞതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തുടർന്നാണ് താൻ അഭിമുഖം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് അദ്ദേഹം എഴുന്നേറ്റത്.

ഈ അഭിമുഖത്തിനായി താൻ വിസ്കോൺസിൻ വരെ യാത്ര ചെയ്താണ് വന്നതെന്നും അതിനാൽ അഭിമുഖം പൂർത്തിയാക്കണമെന്നും വെൽക്കർ അഭ്യർത്ഥിച്ചെങ്കിലും ട്രംപ് അത് നിരസിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *