പ്രേം നസീര്‍ സുഹൃത് സമിതി തൊടുപുഴ ചാപ്റ്റര്‍ യോഗം ശ്രദ്ധേയമായി; മൂവി ക്ലബ്ബ് ഉദ്ഘാടനവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു

തൊടുപുഴ: പ്രേം നസീര്‍ സുഹൃത്ത് സമിതി തൊടുപുഴ ചാപ്റ്ററിന്റെ ജനറല്‍ ബോഡി യോഗം വിപുലമായ അംഗപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.മലയാള സിനിമയുടെ പ്രിയതാരവും ദേശീയ അവാര്‍ഡ് ജേതാവുമായ നടന്‍ സലീംകുമാറിന്റെ നിര്യാണത്തില്‍ യോഗം ആദരവോടെ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മൗനാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. അതുല്യമായ അഭിനയമികവിലൂടെയും മാനുഷിക മൂല്യങ്ങളിലൂടെയും ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ അദ്ദേഹത്തിന്റെ വിയോഗം സിനിമാ-സാംസ്‌കാരിക രംഗത്തിന് തീരാനഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു. സെക്രട്ടറി സനല്‍കുമാര്‍ സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ മുഖ്യപ്രഭാഷണം നടത്തി.തൊടുപുഴ ചാപ്റ്ററിന്റെ പ്രവര്‍ത്തന മികവുകളെ അഭിനന്ദിച്ച അദ്ദേഹം, ഭാവി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൂട്ടായ്മയോടെയും ചിട്ടയോടെയും മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.സംഘടനയുടെ പേരില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലും അറിവോടെയും മാത്രമേ നടത്താവൂ എന്നും, സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യക്തിഹത്യയ്‌ക്കോ പരസ്പര അവഹേളനത്തിനോ ഇടവരരുതെന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യ സന്ദേശങ്ങള്‍ ഒഴിവാക്കി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സംഘടനയുടെ എല്ലാ പരിപാടികള്‍ക്കും കൃത്യമായ മാധ്യമപ്രചാരണം ഉറപ്പാക്കണമെന്നും, ഫോട്ടോകളും വാര്‍ത്തകളും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തോടനുബന്ധിച്ച് പ്രേം നസീര്‍ സുഹൃത്സമിതി മൂവി ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത കലാകാരനും ”ദൃശ്യം” ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ ശ്രദ്ധേയനുമായ അജിത് കൂത്താട്ടുകുളം നിര്‍വഹിച്ചു. ചടങ്ങില്‍ സിനിമാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖരെ ആദരിച്ചു. തൊടുപുഴയില്‍ സ്റ്റുഡിയോ ഉടമയും സംഗീത സംവിധായകനുമായ സ്റ്റീല്‍ജു അര്‍ജുന്‍, സിനിമാനടന്‍ മച്ചാന്‍ സലീം, പ്രമുഖ ചലച്ചിത്ര സംവിധായകന്‍ എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രമുഖ വ്യക്തികള്‍, ബിസിനസുകാര്‍, കലാകാരന്‍മാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി.

സംഘടനയില്‍ പുതുതായി അംഗത്വമെടുത്ത നിരവധി പേരെ യോഗത്തില്‍ സ്വാഗതം ചെയ്യുകയും മെമ്പര്‍ഷിപ്പ് വിതരണം നടത്തുകയും ചെയ്തു.പുതിയ അംഗങ്ങളുടെ വലിയ സാന്നിധ്യം സംഘടനയുടെ വളര്‍ച്ചയ്ക്കും ജനപ്രീതിക്കും തെളിവാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. കോര്‍ഡിനേറ്റര്‍ അനിത ടീച്ചര്‍, രാജേഷ് താരോദയം, സ്‌ക്രിപ്റ്റ് റൈറ്റര്‍ തുളസി, ഫിറ്റ്‌നസ് ട്രെയിനര്‍ ഫ്രാന്‍സിസ്, തരംഗിണി ബാന്‍ഡ് ഗായകന്‍ വാസുദേവന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

യോഗത്തില്‍ തൊടുപുഴ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.സന്തോഷ് മാത്യു (പ്രസിഡന്റ്), രാജേഷ് താരോദയം (വൈസ് പ്രസിഡന്റ്), സുമേഷ് (ട്രഷറര്‍), അശ്വതി ടീച്ചര്‍ (കോര്‍ഡിനേറ്റര്‍) എന്നിവരെ പുതിയ ഭാരവാഹികളായും എക്‌സിക്യൂട്ടീവ് അംഗങ്ങളെയും യോഗം അംഗീകരിച്ചു.

എല്ലാ മാസവും കൃത്യമായി യോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും പുതിയ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും സംസ്ഥാന സെക്രട്ടറി നിര്‍ദേശിച്ചു.അംഗങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ കൂട്ടായ്മയായി കണ്ട് ചര്‍ച്ച ചെയ്യുന്നതിനായി ഓപ്പണ്‍ ഫോറങ്ങള്‍ സംഘടിപ്പിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും, വലിയ പരിപാടികള്‍ സ്‌പോണ്‍സര്‍ഷിപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമാ പദ്ധതികളില്‍ തൊടുപുഴ ചാപ്റ്ററിലെ അംഗങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുമെന്നും തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.

സംസ്ഥാന സെക്രട്ടറി മുന്നോട്ടുവച്ച നിര്‍ദേശങ്ങളും പ്രവര്‍ത്തന പദ്ധതികളും എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചു. ഫോട്ടോഷൂട്ടിനും സൗഹൃദ സംഗമത്തിനും ശേഷം പ്രസിഡന്റ് നന്ദി രേഖപ്പെടുത്തിയതോടെ യോഗം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *