അരൂർ: എക്സൈസ് വകുപ്പിന്റെ സംസ്ഥാന വ്യാപക ലഹരി വിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരവുമായി ഒഡിഷ സ്വദേശി പിടിയിലായി. ഒഡിഷ ഗജാബതി ജില്ലയിൽ മോഹന പോലീസ് സ്റ്റേഷൻ പരിധിയിലെ ലുഡുറു ട്രിറ്റ്, മരപ്പുള്ളി പഞ്ചായത്ത് സ്വദേശിയായ സൗമ്യ പ്രകാശ് നായിക് (26) ആണ് 7.369 കിലോ കഞ്ചാവുമായി ആലപ്പുഴ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. റാഫേൽ നായികിന്റെ മകനാണ് അറസ്റ്റിലായ സൗമ്യ പ്രകാശ്.
ചേർത്തല താലൂക്കിലെ അരൂർ കാർത്യായിനി ക്ഷേത്രത്തിന് മുൻവശത്ത് വെച്ചാണ് പ്രതിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടർനടപടികളും പൂർത്തിയാക്കിയത്.
അരൂർ, അരൂക്കുറ്റി, വടുതല തുടങ്ങിയ പ്രദേശങ്ങളിലേക്ക് ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ കഞ്ചാവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ലഹരിക്കടത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ എക്സൈസ് സംഘം വിശദമായ അന്വേഷണം നടത്തിവരികയാണ്.
പരിശോധനാ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പി., അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുഹമ്മദ് സുധീർ, എം.സി. ബിനു, പ്രിവന്റീവ് ഓഫീസർമാരായ അനിലാൽ പി., ഓംകാർ നാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, റെനീഷ് എം.ആർ., ജോസഫ് തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി എം. എന്നിവരും പങ്കെടുത്തു. ലഹരി മാഫിയകൾക്കെതിരെ സംസ്ഥാനത്തുടനീളം എക്സൈസ് വകുപ്പ് ശക്തമായി നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് ഈ നിർണായക ലഹരി വേട്ട.

