ചേർത്തല: ചെമ്മീൻ പീലിങ് കൂലി വർദ്ധിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ചേർത്തല താലൂക്കിലെ അരൂരില് പീലിങ് ഷെഡ്ഡ് ഉടമകൾ ഈ മാസം 11 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ താലൂക്കിലെ പീലിങ് ഷെഡ്ഡുകൾ അടച്ചിടുമെന്ന് സമരസമിതി ചെയർമാൻ വി.പി. ഹമീദ്, ജനറൽ കൺവീനർ വി.ബി. അബ്ദുൽ ഗഫൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചേംബർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രിയും മറൈൻ പ്രോഡക്റ്റ് ഇൻഡസ്ട്രിയൽ അസോസിയേഷനും സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
നിലവിൽ ഒരു കിലോ ചെമ്മീൻ പൊളിച്ചു നൽകുന്നതിന് 19.50 രൂപയാണ് ഷെഡ്ഡ് ഉടമകൾ നൽകിവരുന്നത്. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം ഈ കൂലിക്ക് ജോലി ചെയ്യാൻ സാധിക്കില്ലെന്ന് തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന്, ജൂൺ മുതൽ ഒന്നര രൂപ വർദ്ധിപ്പിച്ച് 21 രൂപ നൽകാമെന്ന് ഷെഡ്ഡ് ഉടമകൾ സമ്മതിച്ചിരുന്നു. എന്നാൽ ഈ തുക സ്വീകരിക്കാൻ തയ്യാറാകാതിരുന്ന തൊഴിലാളികൾ പീലിങ് ഷെഡ്ഡുകളിൽ വരാതെ മറ്റ് ജോലികൾ തേടിപ്പോയതോടെ ഈ മേഖലയിൽ കടുത്ത തൊഴിലാളി ക്ഷാമം നേരിടുകയാണ്.
തൊഴിലാളികൾക്ക് ഉയർന്ന വേതനം നൽകണമെങ്കിൽ ചെമ്മീൻ കയറ്റുമതി ചെയ്യുന്ന വൻകിട സ്ഥാപനങ്ങൾ പീലിങ് ചാർജ്ജ് വർദ്ധിപ്പിച്ചു നൽകണമെന്നാണ് ഷെഡ്ഡ് ഉടമകൾ ആവശ്യപ്പെടുന്നത്. ഇതിനായി കയറ്റുമതി സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും വേതനം ഉയർത്തി നൽകാതെ തീരുമാനം നീട്ടിക്കൊണ്ടുപോയി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ ആരോപിച്ചു. കൂലി കൂട്ടാതിരുന്നതോടെ ഷെഡ്ഡുകളിൽ നിന്ന് കൂടുതൽ തൊഴിലാളികൾ കൊഴിഞ്ഞുപോയി.
ഈ സാഹചര്യത്തിൽ, പീലിങ് തൊഴിൽ മേഖലയെ സംരക്ഷിക്കുന്നതിനും തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിനുമായി വേതനം 23 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ഷെഡ്ഡ് ഉടമകളുടെ ഇപ്പോഴത്തെ ആവശ്യം. ഇതിനായി തങ്ങൾക്ക് ലഭിക്കുന്ന പീലിങ് ചാർജ്ജ് വർദ്ധിപ്പിച്ചു നൽകാൻ കയറ്റുമതി സ്ഥാപനങ്ങൾ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് ജൂൺ 11 മുതൽ ഷെഡ്ഡുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ സംഘടന തീരുമാനിച്ചതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

