ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വെനസ്വലേ ഇറാഖിനെ 2-0ന് പരാജയപ്പെടുത്തി. അമേരിക്കയിലെ ഇലിനോയിസിലെ ബ്രിഡ്ജ്വ്യൂവിൽ നടന്ന മത്സരത്തിൽ വെനസ്വേല ഇരുഗോളുകളും നേടി വ്യക്തമായ മേൽക്കൈ പ്രകടിപ്പിച്ചു.
മത്സരത്തിന്റെ 17-ാം മിനിറ്റിൽ മധ്യനിരതാരം ക്രിസ്റ്റ്യൻ സീസേഴ്സ് നേടിയ ഗോളിലൂടെ വെനസ്വേല മുന്നിലെത്തി. രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ കാസറസിന്റെ അസിസ്റ്റിൽ ജീസസ് റാമിറസ് രണ്ടാം ഗോൾ നേടി ലീഡ് ഇരട്ടിയാക്കി. 72-ാം മിനിറ്റിൽ ഇറാഖ് താരം അലി യൂസഫ് നേരിട്ടുള്ള ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഇറാഖ് പത്ത് പേരായി ചുരുങ്ങി. ശേഷിക്കുന്ന സമയത്ത് തിരിച്ചുവരാൻ ഇറാഖിന് സാധിച്ചില്ല.
40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ഫൈനൽ റൗണ്ടിലേക്ക് തിരിച്ചെത്തുന്ന ഇറാഖിന്റെ അവസാന സന്നാഹ മത്സരമായിരുന്നു ഇത്. ലോകകപ്പിൽ ഗ്രൂപ്പ് ഐയിൽ നോർവേ, ഫ്രാൻസ്, സെനഗൽ ടീമുകൾക്കെതിരെയാണ് ഇറാഖ് മത്സരിക്കുക. അതേസമയം, വെനസ്വേല ഈ വർഷത്തെ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല.

