തിരുവനന്തപുരം: സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 15 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രിയദര്‍ശിനി’ എന്ന പേരിലായിരിക്കും ഈ വിപ്ലവകരമായ ക്ഷേമ പദ്ധതി അറിയപ്പെടുക.
പ്രായഭേദമന്യേയും സാമ്പത്തിക പശ്ചാത്തലം നോക്കാതെയുമുള്ള എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെ എസ് ആര്‍ ടി സിക്ക് ഉണ്ടാകുന്ന പ്രതിമാസം 60 കോടിയിലധികം രൂപയുടെയും, വാര്‍ഷികമായി ഏകദേശം 800 കോടി രൂപയുടെയും വരുമാന നഷ്ടം സര്‍ക്കാര്‍ പൂര്‍ണ്ണമായും നികത്തും.
നിലവില്‍ കെ എസ് ആര്‍ ടി സിയുടെ ശമ്പളത്തിനും പെന്‍ഷനുമായി സര്‍ക്കാര്‍ നല്‍കിവരുന്ന 1500 കോടി രൂപയ്ക്ക് പുറമേയായിരിക്കും ഈ തുക അനുവദിക്കുക. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായിരിക്കും ഈ ആനുകൂല്യം. കെ എസ് ആര്‍ ടി സിയുടെ സാമ്പത്തിക ഭദ്രതയും വരുമാനവും മെച്ചപ്പെടുന്ന മുറയ്ക്ക് മറ്റ് സര്‍വീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്‍ഡിര ഗ്യാരണ്ടി ക്ഷേമ പദ്ധതികളുടെ ഭാഗമായാണ് പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കുന്നത്.

