തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്തെ 7 ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത (യെല്ലോ അലര്‍ട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത നിര്‍ദ്ദേശമുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മറ്റന്നാള്‍ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
അതേസമയം തീരപ്രദേശങ്ങളിലും കടലിലും കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാള്‍ വരെ മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

