സിഡ്നി: പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മാതൃനാടിന്റെ സാംസ്കാരിക പൈതൃകവും ഓണസ്മരണകളും നെഞ്ചിലേറ്റുന്ന ഓസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്മയ്ക്ക് ആവേശം പകരാൻ സിഡ്നി മലയാളി അസോസിയേഷൻ ഒരുങ്ങുന്നു. അസോസിയേഷന്റെ ചരിത്രപ്രധാനമായ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘പൊന്നോണം വൈബ്‌സ് 2026’ ഓഗസ്റ്റ് 15 ശനിയാഴ്ച നടക്കും. പ്രവാസി മലയാളികളുടെ മാതൃനാടിനോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വിളംബരമായി മാറുന്ന ഈ മഹാമഹത്തിന് പ്രമുഖ മാധ്യമങ്ങളായ ‘മലയാളീ പത്ര’വും ‘നാലാമൻ മീഡിയ ഹൗസും’ (NaLaMaN Media House) ആണ് പ്രധാന സ്പോൺസർമാരായി അണിനിരക്കുന്നത്.
ബോണിറിഗ്ഗിലുള്ള ബോണിറിഗ്ഗ് സ്‌പോർട്‌സ് ക്ലബ്ബിൽ (Bonnyrigg Sports Club, 610–618 Elizabeth Dr, Bonnyrigg NSW 2177) രാവിലെ 11:00 മണി മുതൽ ആരംഭിക്കുന്ന വിപുലമായ ആഘോഷങ്ങളിൽ പ്രശസ്ത പിന്നണി ഗായകരായ സിദ്ധാർത്ഥ് മേനോൻ, സെബ ടോമി എന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് കോൺസെർട്ടും മെഗാ കേരള ഹെറിറ്റേജ് ആർട്ട് എൻസെംബിളും മുഖ്യ ആകർഷണങ്ങളായിരിക്കും. നെഖീബ് (ഡ്രംസ്), സാജൻ (കീബോർഡ്), ആകാശ് (ഗിറ്റാർ), അജു വിജയ് (റെക്കോർഡിസ്റ്റ്) എന്നിവരടങ്ങുന്ന പ്രമുഖ ലൈവ് ബാൻഡും ഇവർക്കൊപ്പം വേദി പങ്കിടും.
കേരളത്തിന്റെ തനത് സംസ്കാരവും കലകളും പ്രവാസി മണ്ണിൽ പുനർജനിക്കുന്ന ഈ ദിനത്തിൽ വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും പ്രവേശന ടിക്കറ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം, വിശിഷ്ട അതിഥികളുടെ സാന്നിധ്യം, സ്റ്റാളുകൾ, വൈവിധ്യമാർന്ന വിനോദ പരിപാടികൾ എന്നിവയും ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഈ സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മെയ് 31-ന് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് ഏർലി ബേർഡ് (Early Bird) ഓഫറുകൾ ലഭ്യമാക്കിയിരുന്നു. ലൈഫ് മെമ്പർമാർക്കുള്ള ഡിസ്‌കൗണ്ട് ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി 0409 786 837 എന്ന നമ്പരിലോ execom@sydmal.com.au എന്ന ഇമെയിൽ വിലാസത്തിലോ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. നാടിന്റെ സ്നേഹവും സംസ്കാരവും സംഗീതവും കോർത്തിണക്കുന്ന ഈ സുവർണ്ണ ജൂബിലി ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു
https://app.orgnyse.com.au/443/sydmal-onam-2026

