കണ്ണൂർ: മുതിർന്ന മാധ്യമപ്രവർത്തകനും മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റുമായ കെ.കെ. മുഹമ്മദ് അന്തരിച്ചു. 90 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്നിലെ വസതിയിലായിരുന്നു അന്ത്യം.
ദീർഘകാലം മാധ്യമരംഗത്ത് സജീവമായിരുന്ന അദ്ദേഹം ചന്ദ്രിക ദിനപത്രത്തിന്റെ കോഴിക്കോട് റസിഡന്റ് എഡിറ്ററായാണ് വിരമിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) കോഴിക്കോട് ജില്ലാ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തനത്തിനൊപ്പം രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. യൂത്ത് ലീഗിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ സംഘടനയെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം പെരിങ്ങത്തൂരിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തും

