സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസ് പോലീസ് സേനയ്ക്കുള്ളിൽ വ്യാപകമായ ലൈംഗികാതിക്രമങ്ങളും ഭീഷണികളും കടുത്ത തൊഴിൽ പീഡനങ്ങളും നിലനിൽക്കുന്നതായി തുറന്നുകാട്ടി സ്വതന്ത്ര സാംസ്കാരിക അവലോകന റിപ്പോർട്ട്. സേനയിലെ ഭയപ്പെടുത്തുന്ന തൊഴിൽ സാഹചര്യ ങ്ങളെക്കുറിച്ച് അയ്യായിരത്തിലധികം നിലവിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥരാണ് അന്വേഷണ കമ്മീഷന് മുന്നിൽ നേരിട്ടെത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. പ്രതികരിക്കുന്നവർക്കെതിരെ കടുത്ത പ്രതികാര നടപടികളുണ്ടാകുമെന്ന ഭയത്തിലാണ് ഭൂരിഭാഗം പേരും കഴിഞ്ഞിരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങളാണ് പലരും പങ്കുവെച്ചത്. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയതനുസരിച്ച്, അവരുടെ മേലുദ്യോഗസ്ഥനായ ഒരു സർജന്റ് അവരെ ബലമായി പിടിച്ചുവെക്കുകയും തന്നോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ അവിടെനിന്ന് പോകാൻ അനുവദിക്കില്ലെന്ന് ചെവിയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. ദിവസേനയുള്ള ശരീര അധിക്ഷേപങ്ങളും ലൈംഗിക ചുവയുള്ള പരാമർശങ്ങളും തങ്ങൾക്ക് നേരിടേണ്ടി വന്നിരുന്നതായി മറ്റ് പല ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തു. “ഈ സംഘടനയിൽ യൂണിഫോം ധരിക്കുന്നതുപോലെ തന്നെ സ്വാഭാവികമായ ഒന്നാണ് തൊഴിൽ പീഡനവും ), എന്നാണ് ഒരു ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. മറ്റൊരാൾ വ്യക്തമാക്കിയത് ജോലിക്ക് കയറുന്നതിന് തൊട്ടുമുമ്പ് ഭയം കാരണം സ്വന്തം കാറിലിരുന്ന് ഛർദ്ദിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായിരുന്നു എന്നാണ്.
സേനയിലെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ജോലിയെക്കുറിച്ച് വലിയ അഭിമാനമുണ്ടെങ്കിലും അതോടൊപ്പം തന്നെ കടുത്ത മാനസിക സമ്മർദ്ദം, തളർച്ച, ലിംഗവിവേചനം, ക്രൂരമായ പീഡനങ്ങൾ എന്നിവയിലൂടെയാണ് അവർ കടന്നുപോകുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ക്രിസ്റ്റൻ ഹിൽട്ടൺ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സേനയിലെ 30 ശതമാനത്തോളം ഉദ്യോഗസ്ഥർ കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
എൻ.എസ്.ഡബ്ല്യു പോലീസ് സേനയിലെ നേതൃത്വം, വൈവിധ്യം, ഉൾപ്പെടുത്തൽ, റിക്രൂട്ട്‌മെന്റ്, പ്രമോഷൻ, ഉപദ്രവങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ പഠിക്കുന്നതിനായി 2024-ലാണ് ഈ സ്വതന്ത്ര സാംസ്കാരിക അവലോകന സമിതി രൂപീകരിച്ചത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നത് കടുത്ത വെല്ലുവിളിയായിരുന്നുവെങ്കിലും ഭാവിയിലെ തിരുത്തൽ നടപടികൾക്ക് ഈ റിപ്പോർട്ട് ഒരു മികച്ച അടിത്തറ പാകുമെന്ന് പോലീസ് കമ്മീഷണർ ലാന്യൻ വ്യക്തമാക്കി. ഇത്തരം ദ്രോഹകരമായ പെരുമാറ്റങ്ങൾക്ക് തങ്ങളുടെ സംഘടനയിൽ യാതൊരു സ്ഥാനവുമില്ലെന്നും, ഭയമില്ലാതെ പരാതികൾ തുറന്നുപറയാൻ സാധിക്കുന്ന സുരക്ഷിതമായ അന്തരീക്ഷം ജീവനക്കാർക്ക് ഉറപ്പാക്കുമെന്നും അവർ പറഞ്ഞു.
നേതൃത്വപാടവം, ദ്രോഹകരമായ പെരുമാറ്റങ്ങൾ തടയൽ, ജീവനക്കാരുടെ സംരക്ഷണവും പരിചരണവും ഉൾപ്പെടെ ഏഴ് സുപ്രധാന മേഖലകളിലായി 29 ശുപാർശകളാണ് റിപ്പോർട്ട് മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ ശുപാർശകളെല്ലാം പൂർണ്ണമായി നടപ്പിലാക്കാൻ തയ്യാറാണെന്ന് കമ്മീഷണർ ലാന്യൻ ഔദ്യോഗികമായി അറിയിച്ചു.

