ശവസംസ്കാര ചടങ്ങിനിടെ തടവുചാടിയ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതം; പ്രതി മെൽബണിൽ ഒളിവിൽ കഴിയുന്നതായി സംശയം

മെൽബൺ: മെൽബണിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ വെച്ച് ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞ തടവുകാരൻ വിക്ടോറിയൻ തലസ്ഥാ നത്ത് എവിടെയോ ഒളിവിൽ കഴിയുന്നതായി പോലീസ്. വലിയ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഒറിജോൾ റുകാജ് (47) എന്ന തടവുകാരനാണ് കഴിഞ്ഞ ഏപ്രിൽ 25-ന് കീലർ ഈസ്റ്റ് സെമിത്തേരിയിൽ വെച്ച് അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.

തന്റെ സഹോദരന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനും ബന്ധുക്കളോടൊപ്പം ദുഃഖം പങ്കിടാനു മായിരുന്നു മീഡിയം സെക്യൂരിറ്റി തടവുകാരനായ റുകാജിന് കനത്ത സുരക്ഷയോടെ ഒരു ദിവസത്തെ താൽക്കാലിക ജാമ്യം അനുവദിച്ചത്. എന്നാൽ കർശനമായ ഉദ്യോഗസ്ഥ മേൽനോട്ടമുണ്ടായിരുന്നിട്ടും, ചടങ്ങിനിടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ റുകാജ് സെമിത്തേരിയിൽ നിന്ന് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഒറിജോൾ റുകാജ് തടവുചാടിയിട്ട് ഇപ്പോൾ ഒരു മാസത്തിലേറെയായെങ്കിലും അദ്ദേഹത്തെക്കുറിച്ച് ഇതുവരെ മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രതിയെ കണ്ടെത്താനായി കഴിഞ്ഞ ചൊവ്വാഴ്ച മെൽബണിലുടനീളമുള്ള ഇരുപതോളം കേന്ദ്രങ്ങളിൽ വിക്ടോറിയ പോലീസ് ഒരേസമയം പരിശോധന നടത്തുകയും ഇയാളുടെ സുഹൃത്തുക്കളെയും കൂട്ടാളികളെയും ചോദ്യം ചെയ്യുകയും ചെയ്തു. പ്രതി ഇപ്പോഴും മെൽബൺ പരിസരത്ത് തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് പോലീസിന്റെ ശക്തമായ നിഗമനം. റുകാജിനെ രക്ഷപ്പെടാൻ സഹായിച്ചതായി കരുതുന്ന ചിലരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവർ ഇതിനകം തന്നെ രാജ്യം വിട്ടതായാണ് വിവരം. അൽബേനിയൻ കുറ്റവാളി സംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി ഇക്കഴിഞ്ഞ വർഷം ജയിലിനുള്ളിൽ നിന്നുള്ള ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ഇന്ന് പുറത്തുവിട്ടു. ഇത് ഇയാളുടെ ഇപ്പോഴത്തെ രൂപവുമായി ഏറെ സാമ്യമുള്ളതാണെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 170 സെന്റീമീറ്റർ ഉയരവും ഉറച്ച ശരീരപ്രകൃതിയുമുള്ള റുകാജ്, വെളുത്ത വംശജനാണ്. ചെറിയ കറുത്ത മുടിയുള്ള ഇയാൾ സതേൺ യൂറോപ്യൻ ശൈലിയിലാണ് സംസാരിക്കുന്നത്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്ന് വിക്ടോറിയ പോലീസ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *