ജനീവ: അന്താരാഷ്ട്ര സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്കുനേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയായിരുന്നു.
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവതനേനി, നിലവിലെ സാഹചര്യത്തിൽ എല്ലാ കക്ഷികളും ആത്മസംയമനം പാലിക്കണമെന്നും പ്രശ്നങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് ഏറ്റവും കൂടുതൽ വാണിജ്യ കപ്പൽ ജീവനക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാൽ സമുദ്രപാതകളിലെ ആക്രമണങ്ങൾ ഇന്ത്യൻ നാവികരുടെയും വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെയും സുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ അസ്ഥിരത ആഗോള വ്യാപാരത്തിനും ഇന്ത്യയുടെ ഊർജ ഇറക്കുമതിക്കും തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് നൽകി. ഗാസയിലെ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും ഇന്ത്യ യുഎന്നിൽ ആവശ്യപ്പെട്ടു.

