വയനാട്ടിൽ ഷിഗെല്ല ബാധിതർ വർധിക്കുന്നു; കൊളയാടി സ്കൂളിൽ ജാഗ്രത ശക്തമാക്കി

വയനാട്ടിൽ ഷിഗെല്ല ബാധിതർ വർധിക്കുന്നു; കൊളയാടി സ്കൂളിൽ ജാഗ്രത ശക്തമാക്കി

വയനാട്: വയനാട്ടിലെ കൊളയാടി മാർ ബസേലിയോസ് യു.പി. സ്കൂളുമായി ബന്ധപ്പെട്ട ഷിഗെല്ല രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. ഏറ്റവും പുതിയ പരിശോധനാഫലത്തിൽ ഒരു വിദ്യാർഥിക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഒമ്പതായി. രോഗലക്ഷണങ്ങളുള്ള കുട്ടികൾക്ക് ഷിഗെല്ല ചികിത്സാ പ്രോട്ടോക്കോൾ പ്രകാരം ചികിത്സ തുടരുകയാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 514 വിദ്യാർഥികളിൽ നിന്ന് 14 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതിൽ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അഞ്ച് സാമ്പിളുകളുടെ ഫലം കാത്തിരിക്കുകയാണ്. ഇതിനുപുറമെ കൂടുതൽ വിദ്യാർഥികൾക്കും സമ്പർക്കപ്പട്ടികയിലുള്ള ചില മുതിർന്നവർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി സർക്കാർ-സ്വകാര്യ ആശുപത്രികളിലായി നിരവധി പേരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വ്യാപക പ്രതിരോധ നടപടികൾ തുടരുകയാണ്. കുടിവെള്ള സ്രോതസ്സുകളിൽ പ്രത്യേക ക്ലോറിനേഷൻ, ബോധവത്കരണ പ്രവർത്തനങ്ങൾ, നിരീക്ഷണം എന്നിവ ശക്തമാക്കിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *