മെൽബൺ: ഓസ്ട്രേലിയൻ ഫുട്ബോൾ ഇതിഹാസവും മോട്ടോർ ന്യൂറോൺ രോഗത്തിനെതിരെയുള്ള (MND) പോരാട്ടത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനവുമായിരുന്ന നീൽ ഡാനിഹറുടെ സംസ്കാര ചടങ്ങുകൾ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രോഗബാധിതനായി 13 വർഷത്തോളം നീണ്ട പരസ്യ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ മെയ് 25-നാണ്, 65-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി നീല നിറത്തിലുള്ള തൊപ്പികൾ (blue beanies) ധരിച്ച അയ്യായിരത്തിലധികം ആളുകളാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തത്. കായികരംഗത്തെയും ജീവകാരുണ്യ രംഗത്തെയും നേട്ടങ്ങൾക്കപ്പുറം അദ്ദേഹത്തിന്റെ ചിരിയും സംഗീതത്തോടുള്ള സ്നേഹവും കുടുംബത്തോടുള്ള കരുതലും ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു.
തന്റെ രോഗനിർണ്ണയത്തിനപ്പുറം നീലിന്റെ സത്യസന്ധതയും വിനയവും ദൃഢനിശ്ചയവും നിറഞ്ഞ സ്വഭാവത്തെയാണ് താൻ എപ്പോഴും ഓർമ്മിക്കുന്നതെന്ന് 41 വർഷം അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായിരുന്ന ജാൻ അനുസ്മരിച്ചു. രോഗത്തിന്റെ അവസാന നാളുകളിൽ ശരീരം തളർന്നുപോയപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് അവസാന നിമിഷം വരെ പോരാടുകയായിരുന്നുവെന്ന് മകൾ ലോസ് പറഞ്ഞു. അച്ഛൻ തങ്ങൾക്ക് നൽകിയ വഴിവിളക്കായിരുന്നുവെന്ന് ഫൈറ്റ് എംഎൻഡി (FightMND) ചാരിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മകൾ ബെക്കും, തങ്ങളുമായി രാഷ്ട്രീയവും സിനിമയും സംഗീതവും നിരന്തരം പങ്കുവെച്ചിരുന്ന അച്ഛൻ ബിസ്ക്കറ്റുകളും ചോക്ലേറ്റുകളും ഒളിപ്പിച്ചു വെച്ചിരുന്ന കളിതമാശകൾ മക്കളായ ലൂക്കും ബെനും ഓർത്തെടുത്തു. ഡാനിഹറുടെ സഹോദരൻ ആന്റണി, ബ്രിസ്ബേൻ പ്രീമിയർഷിപ്പ് കോച്ച് ക്രിസ് ഫാഗൻ, ഡാനിഹറുടെ കീഴിൽ മെൽബൺ ടീമിൽ കളിച്ചിരുന്ന ഡേവിഡ് നീറ്റ്സ്, പോൾ ഹോപ്ഗുഡ് എന്നിവരും ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
സാധാരണയായി 27 മാസം മാത്രം ആയുസ്സ് പ്രവചിക്കപ്പെടുന്ന മോട്ടോർ ന്യൂറോൺ രോഗത്തെ 13 വർഷത്തോളം അചഞ്ചലമായ ആത്മവിശ്വാസത്തോടെയാണ് ഡാനിഹർ നേരിട്ടത്. രോഗം അദ്ദേഹത്തെ വീൽചെയറിലാക്കുകയും സംസാരിക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്തെങ്കിലും, രോഗബാധിതരായ മറ്റുള്ളവർക്കായി അദ്ദേഹം തന്റെ ശബ്ദം കൂടുതൽ ശക്തമായി ഉയർത്തി. അദ്ദേഹം സഹസ്ഥാപകനായ ‘ഫൈറ്റ് എംഎൻഡി’ എന്ന സംഘടന മെഡിക്കൽ ഗവേഷണങ്ങൾക്കായി ഇതുവരെ 14.1 കോടിയിലധികം ഡോളറാണ് സമാഹരിച്ചത്. ഈ അതുല്യമായ സംഭാവനകൾ പരിഗണിച്ച് 2025-ലെ ‘ഓസ്ട്രേലിയൻ ഓഫ് ദി ഇയർ’ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡാനിഹറുടെ അജയ്യമായ ശുഭാപ്തിവിശ്വാസത്തെയും നന്മയെയും പ്രശംസിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ശബ്ദം നഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ കൂടുതൽ ശക്തമായെന്നും നടക്കാൻ കഴിയാതായപ്പോൾ ലക്ഷക്കണക്കിന് ഓസ്ട്രേലിയക്കാർ അദ്ദേഹത്തിനൊപ്പം അണിനിരന്നുവെന്നും അനുസ്മരിച്ചു.

