പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ ജയിലുകളിൽ തടവുകാർ ക്രൂരവും അമാനുഷികവുമായ സാഹചര്യങ്ങളിലാണ് കഴിയുന്നതെന്നും ജയിൽ സംവിധാനം വലിയ പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടി ജയിൽ നിരീക്ഷണ വിഭാഗത്തിന്റെ അടിയന്തര റിപ്പോർട്ട്. തടവുകാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതോടെ ജയിലുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതായെന്നും, കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ പാർപ്പിച്ചതിനാൽ പലർക്കും സെല്ലിലെ ശുചിമുറിയോട് ചേർന്ന് തറയിൽ മെത്ത വിരിച്ച് കിടക്കേണ്ടി വരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാന കസ്റ്റഡിയൽ സർവീസസ് ഇൻസ്പെക്ടറായ ഈമൺ റയാൻ ചൊവ്വാഴ്ച പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ജയിൽ വകുപ്പിന്റെ വ്യവസ്ഥാപിതമായ പരാജയത്തെക്കുറിച്ച് കടുത്ത ആശങ്കകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഹകേയ, മെലാലൂക്ക, കാസുവറിന എന്നീ മൂന്ന് പ്രധാന ജയിലുകളിലെ സുരക്ഷയും അന്തേവാസികളുടെ ജീവനും കടുത്ത ഭീഷണിയിലാണെന്ന് ഇൻസ്പെക്ടർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തടവുകാരുടെ എണ്ണത്തിൽ 37 ശതമാനത്തിന്റെ അഭൂതപൂർവ്വമായ വർദ്ധനവാണ് ഉണ്ടായത്. ഇതിനൊപ്പം ജവനക്കാരുടെ കടുത്ത ക്ഷാമം കൂടിയായതോടെ ജയിൽ നിയന്ത്രണം പൂർണ്ണമായും താളംതെറ്റി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ജയിലുകൾ പലപ്പോഴും അടച്ചിടേണ്ടി വരുന്നു (lockdowns). ഇത് തടവുകാർക്ക് പുറത്തിറങ്ങാനുള്ള സമയം കുറയ്ക്കുകയും, അവരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.
തടവുകാർക്ക് കുടുംബാംഗങ്ങളെ നേരിട്ട് കാണാനുള്ള അവസരങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെടുന്നത് അവരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ പരിചരണവും സുരക്ഷയും ലഭിക്കാത്തതിനാൽ തടവുകാർക്കിടയിൽ സ്വയം മുറിവേൽപ്പിക്കലും ആത്മഹത്യാ പ്രവണതയും വർദ്ധിച്ചുവരികയാണ്. ഈ വർഷം ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ജയിലുകളിൽ നടന്ന സ്വയംഭോഗവും ആത്മഹത്യാശ്രമങ്ങളും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ 60 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടത് ഹകേയ, കാസുവറിന, മെലാലൂക്ക എന്നീ ജയിലുകളിലാണ്. സെല്ലുകളിൽ കടുത്ത അഴുക്കും പാറ്റകളുടെ ശല്യവുമാണെന്ന് തടവുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
നിലവിലെ ജയിലുകളിലെ സാഹചര്യം 2018-ൽ ഗ്രീനൗ റീജിയണൽ ജയിലിൽ ഉണ്ടായ വലിയ കലാപത്തിന് മുൻപുള്ള മുന്നറിയിപ്പ് സൂചനകൾക്ക് സമാനമാണെന്ന് ഇൻസ്പെക്ടർ ഓർമ്മിപ്പിച്ചു. അന്ന് പത്ത് തടവുകാർ ജയിൽ ചാടുകയും കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ജയിലുകളിൽ തടവുകാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും കസ്റ്റഡി മരണങ്ങൾ ഒഴിവാക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമായ ഫണ്ട് അനുവദിച്ച് വ്യവസ്ഥാപിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നും ഈമൺ റയാൻ ആവശ്യപ്പെട്ടു.

