ഫിഫ ലോകകപ്പ്: തന്റെ ആദ്യ ഗോൾ കണ്ണീരോടെ പിതാവിന് സമർപ്പിച്ച് മെക്സിക്കോയുടെ റൗൾ ഹിമെനെസ്

മെക്സിക്കോ സിറ്റി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ഗോൾ, അന്തരിച്ച തന്റെ പിതാവിന് സമർപ്പിച്ച് മെക്സിക്കൻ സ്ട്രൈക്കർ റൗൾ ഹിമെനെസ്. മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു ഹിമെനെസിന്റെ വൈകാരികമായ ഈ ഗോൾ നേട്ടം.റോബർട്ടോ അൽവാരോഡോ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് കൃത്യമായ ഹെഡറിലൂടെ ഹിമെനെസ് വലയിലെത്തിക്കുകയായിരുന്നു.

ഗോൾ നേടിയതിന് പിന്നാലെ മൈതാനത്ത് മുട്ടുകുത്തിനിന്ന്, ഇരു കൈകളും ആകാശത്തേക്കുയർത്തി ‘പാരാ ടി പാപ്പാ’ (അച്ഛാ, നിനക്കായി) എന്ന് സ്പാനിഷിൽ പറഞ്ഞുകൊണ്ട് താരം കണ്ണീരണിഞ്ഞു.മുൻ അമച്വർ ഫുട്ബോൾ കളിക്കാരനായിരുന്ന ഹിമെനെസിന്റെ പിതാവ് വേഗയാണ് അദ്ദേഹത്തെ ഫുട്ബോളിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചത്. ക്യാൻസർ ബാധിതനായിരുന്ന വേഗ 2026 മാർച്ചിലാണ് അന്തരിച്ചത്. നേരത്തെ 2022 ലോകകപ്പ് ടീമിൽ ഹിമെനെസിനെ ഉൾപ്പെടുത്തിയതിനെതിരെ മാധ്യമങ്ങൾ വിമർശനം ഉന്നയിച്ചപ്പോൾ, മകന് ശക്തമായ പിന്തുണയുമായി വേഗ രംഗത്തെത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇംഗ്ലീഷ് ക്ലബ്ബായ ഫുൽഹാമിന്റെ സ്ട്രൈക്കറായ ഹിമെനെസ് നേടിയ ഈ ഗോളോടെ ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ 2-0 ന് പരാജയപ്പെടുത്തി ശുഭപ്രതീക്ഷയോടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *