കഞ്ഞിക്കുഴി: ഇടുക്കി കഞ്ഞിക്കുഴിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായ നാശനഷ്ടം വിതച്ചു. പ്രദേശവാസികളായ പത്രോസ്, ബേബി എന്നീ സഹോദരങ്ങളുടെ വീടുകളാണ് കാട്ടാന ഭാഗികമായി തകർത്തത്.
ഇന്നലെ രാത്രി വൈകിയാണ് ജനവാസമേഖലയിലേക്ക് കാട്ടാനയിറങ്ങിയത്. വീടിന്റെ മതിൽക്കെട്ടുകൾ തകർത്ത ആനകൾ, വീടിന്റെ മുൻഭാഗത്തിനും കേടുപാടുകൾ വരുത്തി. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളം വെച്ചതിനെ തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ കുറച്ചു നാളുകളായി കഞ്ഞിക്കുഴി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൃഷി നാശത്തിന് പുറമെ ഇപ്പോൾ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായതോടെ ഭീതിയിലാണ് പ്രദേശവാസികൾ. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

