ന്യൂഡൽഹി: നാരി ശക്തിയാണ് രാഷ്ട്രനിർമ്മാണത്തിന്റെ യഥാർത്ഥ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാമാന്യമായ പ്രതിഭയും നൈപുണ്യവും കൈമുതലാക്കി സമസ്ത മേഖലകളിലും വനിതകൾ രാജ്യത്തിന്റെ ഖ്യാതി ഉയർത്തുന്നതായി അദ്ദേഹം പറഞ്ഞു.
സംരംഭകത്വം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശുചിത്വം, ഭവന നിർമ്മാണം, കായികം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ സ്ത്രീകൾ നിർണായക പങ്കാണ് ഇന്ന് വഹിക്കുന്നത്. സ്ത്രീകളുടെ ക്ഷേമത്തിനും അവരുടെ നേതൃപാടവം മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ 12 വർഷമായി എൻഡിഎ സർക്കാർ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലം എല്ലാ മേഖലകളിലും ഇപ്പോൾ ദൃശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തിന് കുതിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

