മൂവാറ്റുപുഴ: റോഡിലെ കുഴികൾ അടയ്ക്കാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ റോഡിന് നടുവിലെ മൺകൂനയിൽ കിടന്ന് വേറിട്ട പ്രതിഷേധം നടത്തിയ ഓട്ടോ തൊഴിലാളിയുടെ സമരം ഒടുവിൽ വിജയം കണ്ടു. മൂവാറ്റുപുഴ പി.ഒ ജങ്ഷനിലും, കാവുംപടി റോഡിൽ പോലീസ് സ്റ്റേഷന് സമീപവും പൈപ്പ് പൊട്ടലിനെ തുടർന്ന് വാട്ടർ അതോറിറ്റി എടുത്ത കുഴികൾ വൻ ഗർത്തങ്ങളായി മാറിയിട്ടും നടപടിയുണ്ടാകാത്തതിനെതിരെയാണ് പ്രതിഷേധം അരങ്ങേറിയത്. അപകടങ്ങൾ പെരുകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളിയും പൊതുപ്രവർത്തകനുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജിയാണ് പി.ഓ ജങ്ഷനിലെ റോഡിന് നടുവിലെ മൺകൂനയിൽ കിടന്ന് പ്രതിഷേധ സമരം നടത്തിയത്.
സമരവിവരമറിഞ്ഞ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ നിന്നും ട്രാഫിക് എസ്.ഐ പി.എച്ച്. സിദ്ദിഖിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകാതെ പിന്മാറില്ലെന്ന് ഷാജി വ്യക്തമാക്കുകയായിരുന്നു. തുടർന്ന് നിരവധി നാട്ടുകാരും സമരത്തിന് പിന്തുണയുമായി സ്ഥലത്ത് ഒത്തുകൂടി.
പ്രതിഷേധം ശക്തമായതോടെ മൂവാറ്റുപുഴ വാട്ടർ അതോറിറ്റി പി.എച്ച് സെക്ഷൻ എ.ഇ വിജിൽ ഡബ്ല്യു.എസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തിൽ, റോഡിലെ മൺകൂന ലെവൽ ചെയ്ത് അടിയന്തരമായി പാത സഞ്ചാരയോഗ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം ഉറപ്പ് നൽകി. ഇതിനെ തുടർന്നാണ് ഷാജി പ്രതിഷേധ സമരം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന ഉറപ്പ്.

