ഒട്ടാവ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി കാനഡയിൽ കർശന നിയമനിർമ്മാണത്തിനൊരുങ്ങി സർക്കാർ. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നൽകുന്നത് നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കനേഡിയൻ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ, തങ്ങളുടെ പ്ലാറ്റ്ഫോമുകൾ കുട്ടികൾക്ക് സുരക്ഷിതമാണെന്ന് തെളിയിക്കാൻ കമ്പനികൾക്ക് സാധിച്ചാൽ ഈ നിരോധനത്തിൽ നിന്നും അവർക്ക് ഇളവ് ലഭിക്കും.
ഓൺലൈൻ സുരക്ഷ കർശനമാക്കാനുള്ള ആഗോള നീക്കങ്ങളുടെ ഭാഗമായാണ് കാനഡയുടെയും ഈ പുതിയ ചുവടുവെപ്പ്. “നമ്മൾ നമ്മുടെ കുട്ടികളുടെ കാര്യത്തിൽ പരാജയപ്പെടുകയാണ്. ഇനി ഇത് അനുവദിക്കാനാകില്ല. അടിസ്ഥാനപരമായ സുരക്ഷാ മുൻകരുതലുകൾ നമുക്ക് ആവശ്യമുണ്ട്,” കാനഡയുടെ സാംസ്കാരിക മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.
സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്നവ, അക്രമത്തിനും വിദ്വേഷത്തിനും പ്രേരിപ്പിക്കുന്നവ, സമ്മതമില്ലാതെയുള്ള സ്വകാര്യ ചിത്രങ്ങൾ ഉൾപ്പെടെ ഏഴ് തരം ഹാനികരമായ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ഈ നിയമം. ഇതിനായി ഒരു ‘ഡിജിറ്റൽ സേഫ്റ്റി കമ്മീഷൻ’ രൂപീകരിക്കും. ഇളവുകൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ഈ റെഗുലേറ്ററി സംവിധാനം പൂർണ്ണ സജ്ജമാകാൻ 18 മാസമെടുക്കുമെന്നും മില്ലർ വ്യക്തമാക്കി. പ്രായം തിരിച്ചറിയാനുള്ള (Age verification) സംവിധാനവും ഇതിലൂടെ നടപ്പിലാക്കും. മുതിർന്നവർക്കുള്ള ഉള്ളടക്കങ്ങൾ നൽകുന്ന പ്ലാറ്റ്ഫോമുകൾക്ക് യാതൊരുവിധ ഇളവുകളും അനുവദിക്കില്ല.
സോഷ്യൽ മീഡിയ കമ്പനികൾക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് കമ്പനികളെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. പ്രതിസന്ധി ഘട്ടങ്ങളിൽ ഇടപെടാനുള്ള പ്രത്യേക പ്രോട്ടോക്കോളുകൾ ഉൾപ്പെടെ ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ഇത്തരം കമ്പനികൾ നടപ്പിലാക്കേണ്ടി വരും.
ഓസ്ട്രേലിയ, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ സമാനമായ പ്രായപരിധി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഡെന്മാർക്ക്, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഇത്തരം നിയമങ്ങളെക്കുറിച്ച് പഠിച്ചുവരികയാണ്. ഓസ്ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് വിലക്കേർപ്പെടുത്തിയതിന് ശേഷം ഏകദേശം 47 ലക്ഷം കുട്ടികളുടെ അക്കൗണ്ടുകളാണ് കമ്പനികൾ റദ്ദാക്കിയത്. ഓസ്ട്രേലിയയിലെ ഈ നടപടികളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാകും കാനഡ നിയമം നടപ്പിലാക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള ‘സെക്സ്റ്റിങ്’ (Sextortion) ഭയങ്കരമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നീക്കത്തെ കനേഡിയൻ സെന്റർ ഫോർ ചൈൽഡ് പ്രൊട്ടക്ഷൻ സ്വാഗതം ചെയ്തു.

