ലണ്ടൻ: സിയറ ലിയോണിന്റെ പ്രഥമ വനിത വാടകയ്ക്കെടുത്തിരുന്ന സോഷ്യൽ ഹൗസിംഗ് ഫ്ലാറ്റ് ലണ്ടൻ നഗരസഭ പിടിച്ചെടുത്തു. ലണ്ടനിലെ സൗത്ത്വാർക്ക് (Southwark) കൗൺസിലാണ് വാൽവർത്തിലുള്ള രണ്ട് കിടപ്പുമുറികളുള്ള ഈ വീട് തിരിച്ചുപിടിച്ച വിവരം സ്ഥിരീകരിച്ചത്. സിയറ ലിയോൺ പ്രസിഡന്റ് ജൂലിയസ് മാഡ ബയോയുടെ ഭാര്യ ഫാത്തിമ ജാബെ-ബയോയുടെ പേരിൽ 2007 മുതൽ ഈ ഫ്ലാറ്റ് വാടകയ്ക്കുണ്ടായിരുന്നു എന്ന് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു.
2018-ൽ ഭർത്താവ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ഫാത്തിമ ജാബെ-ബയോ സിയറ ലിയോണിലും ബ്രിട്ടനിലുമായിട്ടാണ് കഴിഞ്ഞിരുന്നത്. സാധാരണയായി കൗൺസിൽ വക വീടുകൾ വാടകയ്ക്കെടുക്കുന്നവർ അവിടെത്തന്നെയാണ് പ്രധാനമായും താമസിക്കേണ്ടത് എന്നാണ് നിയമം. എന്നാൽ ഈ ഫ്ലാറ്റിൽ ഇവരെ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ എന്ന് അയൽക്കാർ വെളിപ്പെടുത്തിയതോടെയാണ് ടൈംസ് അന്വേഷണം ആരംഭിച്ചതും, പിന്നീട് കൗൺസിൽ ഇതിൽ ഇടപെട്ടതും.
12 മാസം നീണ്ട വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രോപ്പർട്ടി തിരിച്ചുപിടിച്ചതെന്ന് സൗത്ത്വാർക്ക് കൗൺസിൽ ഭവന അന്വേഷണ വിഭാഗം അംഗം റെജിനാൾഡ് പൊപൂല അറിയിച്ചു. ഈ ഫ്ലാറ്റ് ഇനി മുതൽ മുൻഗണനാ പട്ടികയിലുള്ള അർഹരായ മറ്റൊരു കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. സിയറ ലിയോണിലെ ഫ്രീടൗണിലുള്ള പ്രസിഡൻഷ്യൽ ലോഡ്ജിൽ ഭൂരിഭാഗം സമയവും താമസിക്കുമ്പോഴും ലണ്ടനിലെ ഈ കൗൺസിൽ ഫ്ലാറ്റ് ഫാത്തിമ കൈവശം വെച്ചിരുന്നത് വലിയ രീതിയിൽ വാർത്തയായിരുന്നു.
അതേസമയം, താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ മാസം നൽകിയ അഭിമുഖത്തിൽ ഫാത്തിമ ജാബെ-ബയോ പ്രതികരിച്ചിരുന്നു. “എന്റെ കുട്ടികളെല്ലാം ബ്രിട്ടീഷ് പൗരന്മാരാണ്. ഈ വീടിന്റെ വാടക ഞാൻ സ്വന്തം പണത്തിൽ നിന്നാണ് നൽകുന്നത്, ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല” എന്നായിരുന്നു മുൻ മോഡലും നടിയുമായ ഫാത്തിമയുടെ വാദം. ഇവർക്കെതിരെ മറ്റ് കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല.
ലണ്ടനിൽ സോഷ്യൽ ഹൗസിംഗിനായി വലിയ പ്രതിസന്ധിയും കാത്തിരിപ്പും നേരിടുന്ന സമയത്താണ് ഈ നടപടി. സൗത്ത്വാർക്കിൽ മാത്രം പതിനെണ്ണായിരത്തിലധികം കുടുംബങ്ങളാണ് നിലവിൽ സർക്കാർ വീടുകൾക്കായി കാത്തിരിക്കുന്നത്. നിയമവിരുദ്ധമായി വീടുകൾ കൈവശം വെക്കുന്നതിനെതിരെ കൗൺസിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്തരത്തിൽ 107 വീടുകളാണ് നഗരസഭ തിരിച്ചുപിടിച്ചത്. എന്നാൽ ഫാത്തിമയുടെ കേസിലെ അന്വേഷണ റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കൗൺസിൽ തയ്യാറായിട്ടില്ല.

