നെയ്റോബി: യു.എസ് പൗരന്മാർക്കായി കെനിയയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന എബോള ക്വാറന്റൈൻ കേന്ദ്രത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ വെടിയേറ്റ് ഒരാൾ മരിച്ചു. തലസ്ഥാനമായ നെയ്റോബിയിൽ നിന്നും 120 മൈൽ അകലെയുള്ള നന്യൂക്കി എന്ന നഗരത്തിലാണ് സംഭവം. വെടിയേറ്റയാൾ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന പാട്രിക് വാഹോം സ്ഥിരീകരിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് വിവരമില്ലെന്നാണ് പോലീസ് വക്താവ് പ്രതികരിച്ചത്.
നന്യൂക്കിയിലെ ലെയ്കിപിയ വ്യോമസേനാ താവളത്തിന് സമീപമാണ് കേന്ദ്രം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനെതിരെ എബോള എന്ന് എഴുതിയ ശവപ്പെട്ടിയും പ്രതിരോധ വസ്ത്രങ്ങളും ധരിച്ചാണ് ഡസൻകണക്കിന് ആളുകൾ പ്രതിഷേധവുമായി ഒത്തുകൂടിയത്. ചെറിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖംമൂടി ധരിച്ച പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ ലൈവ് ബുള്ളറ്റുകൾ ഉപയോഗിച്ചതായും 19 പേരെ അന്യായമായി അറസ്റ്റ് ചെയ്തതായും സന്നദ്ധ സംഘടനയായ ‘കെനിയ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ’ ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും ഈ പ്രദേശത്ത് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
അതിമാരകമായ എബോള വൈറസ് ബാധിക്കാൻ സാധ്യതയുള്ളവരെ കെനിയൻ മണ്ണിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. എന്നാൽ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ കേന്ദ്രവുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലാണ്. അമേരിക്കൻ ഭരണകൂടം നൽകുന്ന വർഷങ്ങളായുള്ള സഹായങ്ങൾക്ക് പകരമായി ഈ കേന്ദ്രത്തിന് അനുമതി നൽകേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. 30 മെഡിക്കൽ ജീവനക്കാരും 50 കിടക്കകളുമുള്ള സൗകര്യമാണ് ഇവിടെ യു.എസ് ഒരുക്കുന്നത്.
അതേസമയം, നെയ്റോബി കോടതി കഴിഞ്ഞ മാസം ഈ കേന്ദ്രത്തിന്റെ നിർമ്മാണവും എബോള സാധ്യതയുള്ളവരുടെ രാജ്യത്തേക്കുള്ള പ്രവേശനവും താൽക്കാലികമായി തടഞ്ഞിരുന്നു. കേസിൽ തീർപ്പുണ്ടാകുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് കോടതി കെനിയൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിന്റെ അടുത്ത വാദം ജൂൺ 23-നാണ് നടക്കുക.
നിലവിൽ ഉഗാണ്ടയിലും കോംഗോയിലുമാണ് (DRC) എബോള വ്യാപനം ശക്തമായിട്ടുള്ളത്. മെയ് 15-നാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ വാക്സിനോ മറ്റ് കൃത്യമായ ചികിത്സയോ ഇല്ലാത്ത ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന അപൂർവ്വ വൈറസാണ് പടരുന്നത്. ലോകാരോഗ്യ സംഘടന (WHO) ഇത് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 6 വരെയുള്ള കണക്കനുസരിച്ച് കോംഗോയിൽ 515 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 91 പേർ മരിക്കുകയും ചെയ്തു. ഉഗാണ്ടയിൽ 19 കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കെനിയയിൽ ഇതുവരെ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

