കടലിൽ വിദേശ ഏജൻസികളുടെ അദൃശ്യമായ രഹസ്യയുദ്ധം; സെൻസറുകൾ ഘടിപ്പിച്ച ‘ചാര ജീവികളെ’ ചൈന കണ്ടെത്തിയതായി റിപ്പോർട്ട്

ബീജിംഗ്: ചൈനീസ് അതിർത്തിയിലെ സമുദ്രമേഖലകളിൽ വിദേശ ചാരസംഘടനകളും ഇന്റലിജൻസ് ഏജൻസികളും സെൻസറുകൾ ഘടിപ്പിച്ച ‘ചാര ജീവികളെ’ (Spy Animals) ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നതായി ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വീചാറ്റിൽ (WeChat) വെള്ളിയാഴ്ച പങ്കുവെച്ച കുറിപ്പിലാണ്, ചൈനയ്ക്ക് ചുറ്റുമുള്ള കടലുകളിൽ അതീവ രഹസ്യമായ ഒരു ‘അദൃശ്യ യുദ്ധം’ നടക്കുന്നുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.

വിദേശ ഏജൻസികൾ അത്യാധുനിക ചാരോപകരണങ്ങൾ ഉപയോഗിച്ച് ചൈനീസ് കടലിനടിയിലെ തന്ത്രപ്രധാനമായ ഭൂപടങ്ങൾ നിർമ്മിക്കുകയാണെന്നും ഇത് രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ചൈനീസ് കടലിലൂടെ നീന്തുന്ന വലിയ സമുദ്രജീവികളെയാണ് ചാരവൃത്തിക്കായി ഉപയോഗിക്കുന്നത്. ‘ചാര ആമകൾ’ ‘ചാര മത്സ്യങ്ങൾ’ എന്നിവയുടെ ശരീരത്തിൽ അത്യാധുനിക സെൻസറുകൾ ഘടിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കടലിലെ താപനില, ലവണാംശം, സമുദ്ര പ്രവാഹങ്ങൾ തുടങ്ങിയ അതീവ സംവേദനക്ഷമതയുള്ള വിവരങ്ങൾ തത്സമയം ശേഖരിക്കാനും സാറ്റലൈറ്റ് വഴി ഇവ വിദേശത്തേക്ക് അയക്കാനും ഈ സെൻസറുകൾക്ക് സാധിക്കും. എന്നാൽ ഇവയെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ, ഏത് രാജ്യമാണ് ഇതിന് പിന്നിലെന്നോ ചൈന വെളിപ്പെടുത്തിയിട്ടില്ല.

സമുദ്രജീവികളെ ചാരവൃത്തിക്കായി ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. യുക്രെയ്ന്റെ അധീനതയിലുള്ള ക്രിമിയൻ പെനിൻസുലയിലെ സെവാസ്റ്റോപോൾ ബ്ലാക്ക് സീ ഫ്ലീറ്റ് ബേസിന് സുരക്ഷയൊരുക്കാൻ റഷ്യ പ്രത്യേക പരിശീലനം സിദ്ധിച്ച ഡോൾഫിനുകളെ വിന്യസിച്ചതായി 2023-ൽ ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ശത്രുരാജ്യങ്ങളുടെ മുങ്ങൽവിദഗ്ദ്ധരെ ചെറുക്കാനായിരുന്നു റഷ്യൻ നാവികസേന ഡോൾഫിനുകളെ ഉപയോഗിച്ചത്.

ഇവയ്ക്ക് പുറമെ, ചൈനീസ് അന്തർവാഹിനികളുടെ ശബ്ദതരംഗങ്ങൾ തത്സമയം നിരീക്ഷിക്കാൻ വിദേശ സമുദ്ര ഗവേഷണ സ്ഥാപനങ്ങൾ കടലിൽ വിന്യസിച്ച പ്രത്യേക തരം ബോയികളും കണ്ടെത്തിയതായി ചൈനീസ് മന്ത്രാലയം അറിയിച്ചു. തരംഗങ്ങളുടെ ചലനത്തിൽ നിന്നും സൗരോർജ്ജത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പുതിയ തരം ‘വേവ് ഗ്ലൈഡറുകളും’ ചൈനീസ് അതിർത്തിയിൽ വിദേശ ശക്തികൾ വിന്യസിച്ചിട്ടുണ്ട്. സൈനിക ആവശ്യങ്ങൾക്കുള്ള സമുദ്ര വിവരങ്ങളും കപ്പലുകളുടെ ചലനങ്ങളും ചോർത്താനാണ് ഇവ ഉപയോഗിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനവും സൈനിക സാന്നിധ്യമുള്ളതുമായ ദക്ഷിണ ചൈനാ കടൽ, കിഴക്കൻ ചൈനാ കടൽ, തായ്‌വാൻ കടലിടുക്ക് എന്നീ മേഖലകളിൽ ചാരവൃത്തി നടക്കുന്നുണ്ടെന്ന് ചൈന നിരന്തരം ആരോപിക്കാറുണ്ട്. 2024-ൽ വിദേശ അന്തർവാഹിനികൾക്ക് വഴി കാട്ടുന്നതിനായി കടലിനടിയിൽ ഒളിപ്പിച്ച നിലയിൽ ‘ലൈറ്റ് ഹൗസുകൾ’ കണ്ടെത്തിയതായും ചൈന അവകാശപ്പെട്ടിരുന്നു. ചൈനീസ് കടൽ അതിർത്തികളിൽ നിന്ന് ഇത്തരം ചാരോപകരണങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന മത്സ്യത്തൊഴിലാളിക ൾക്ക് 50,000 മുതൽ 5,00,000 യുവാൻ (ഏകദേശം 5.8 ലക്ഷം രൂപ മുതൽ 58 ലക്ഷം രൂപ വരെ) സാമ്പത്തിക പ്രതിഫലം ചൈനീസ് സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *