കാൻബറ: ഓസ്ട്രേലിയയിലെ വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ തുടക്കം കുറിച്ച “ഫയർ ദി ലയർ” ഫണ്ട് ശേഖരണ കാമ്പയിന് വൻ ജനപിന്തുണ. വെബ്സൈറ്റ് വഴി ലൈവായി ആരംഭിച്ച ഈ കാമ്പയിനി ലേക്ക് ചുരുങ്ങിയ ദിവസങ്ങൾക്കകം പതിനായിരക്കണക്കിന് ആളുകളാണ് സംഭാവനകൾ നൽകിയത്.
വൺ നേഷൻ പാർട്ടി പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, ഫണ്ട് ശേഖരണം തുടങ്ങി വെറും രണ്ട് ദിവസത്തിനുള്ളിൽ തന്നെ തുക 30 ലക്ഷം ഡോളർ (3 Million) കടന്നു. 51,000-ത്തിലധികം വ്യക്തിഗത ദാതാക്ക ളാണ് ഇതിനകം തുക കൈമാറിയിട്ടുള്ളത്. 33 ലക്ഷം ഡോളറാണ് പാർട്ടി ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് രാജ്യം വലിയ രീതിയിൽ പിന്തുണ നൽകുന്നുണ്ടെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈ ഫണ്ടിലേക്ക് ലഭിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന ഒറ്റത്തവണ സംഭാവന 15,000 ഡോളറാണെന്ന് പാർട്ടി സ്ഥിരീകരിച്ചു. ഫണ്ട് ശേഖരണത്തിനിടയിൽ വെബ്സൈറ്റിന് ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നെങ്കിലും, ദാതാക്കളുടെ വിവരങ്ങളോ ഡാറ്റയോ ഒന്നും ചോർന്നിട്ടില്ലെന്നും പൂർണ്ണമായും സുരക്ഷിതമാണെന്നും വൺ നേഷൻ നേതൃത്വം വ്യക്തമാക്കി.
അതേസമയം, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്ര വലിയ തുക സമാഹരിച്ചതിനെതിരെ ചില കോണുകളിൽ നിന്ന് സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ പ്രമുഖ സോഫ്റ്റ്വെയർ ഡെവലപ്പറായ ഡാരിൽ മോണിങ്ക് ഈ ഫണ്ട് ശേഖരണത്തിന്റെ ഡിജിറ്റൽ വിവരങ്ങൾ പരിശോധിക്കുകയും, പുറത്തുവന്ന സംഭാവന കളുടെ കണക്കുകളെല്ലാം പൂർണ്ണമായും സുതാര്യവും നിയമാനുസൃതവുമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

