മെൽബൺ: ഓസ്ട്രേലിയയിലെ വൻകിട നഗരങ്ങളായ സിഡ്നിയിലും മെൽബണിലും ഭവനവിലകളിൽ ഇടിവ് രേഖപ്പെടുത്തുന്നത് വൻകിട പ്രോപ്പർട്ടികൾക്ക് മാത്രമാണെന്ന് പുതിയ റിപ്പോർട്ടുകൾ. ആദ്യമായി വീട് വാങ്ങു ന്ന സാധാരണക്കാരായ ചെറുപ്പക്കാർക്ക് വിപണിയിലെ ഈ മാറ്റം വലിയ പ്രതിസന്ധി സൃഷ്ടിക്കില്ലെ ന്നാണ് പുതിയ വിപണി വിവരങ്ങൾ വ്യക്തമാക്കുന്നത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, പലിശനിരക്കുകൾ, പശ്ചിമേ ഷ്യൻ പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ട് നഗരങ്ങളിലെ യും ഭവന വിപണിയെ ബാധിച്ചത്.
സിഡ്നിയിലും മെൽബണിലും 2026-ഓടെ ഭവനവിലയിൽ 6% മുതൽ 7% വരെ ഇടിവുണ്ടാകുമെന്ന് ഈ മാസമാദ്യം സി.ബി.എ സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നു. നിലവിലെ വിലക്കയറ്റം കാരണം ഓസ്ട്രേലി യയിൽ സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് കടുത്ത വെല്ലുവിളിയാണ്. സിഡ്നിയിൽ ഒരു വീടിന്റെ 20% അഡ്വാൻസ് തുക (Deposit) സമ്പാദിക്കാൻ പോലും ഒരു സാധാരണക്കാരന് പത്ത് വർഷത്തിലധികം അധ്വാനി ക്കേണ്ടി വരുന്നുണ്ട്. ഇതിനാൽ ഭൂരിഭാഗം പേരും മാതാപിതാക്കളുടെ സഹായത്തോടെയോ, സർക്കാരിന്റെ 5% ഗ്യാരണ്ടി സ്കീം (5% guarantee scheme) വഴിയോ കുറഞ്ഞ തുക അഡ്വാൻസ് നൽകിയാണ് ലോണുകൾ എടുക്കുന്നത്.
വിപണിയിൽ വിലയിടിവ് തുടങ്ങിയതോടെ, എടുത്ത ലോൺ തുകയേക്കാൾ കുറവായിരിക്കുമോ തങ്ങളുടെ വീടിന്റെ ഇപ്പോഴത്തെ മൂല്യം എന്ന ആശങ്കയിൽ പതിനായിരക്കണക്കിന് ചെറുപ്പക്കാരാണ് കഴിഞ്ഞ കുറച്ചു നാളുകളായി കഴിഞ്ഞിരുന്നത്. പ്രതിപക്ഷ കക്ഷികളായ ലിബറൽ പാർട്ടി എം.പിമാരും സെനറ്റർമാരും യുവ തലമുറ വലിയ കടക്കെണിയിലേക്കാണ് പോകുന്നതെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.
എന്നാൽ ഈ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ കൊറ്റാലിറ്റി റിസർച്ച് ഹെഡ് ജെറാർഡ് ബർഗ് വ്യക്തമാക്കി. ആദ്യമായി വീട് വാങ്ങുന്നവർ ഭവന വിപണിയിലെ ഏറ്റവും വിലകുറഞ്ഞ താഴത്തെ 25% വിഭാഗത്തിലെ വീടുകളാണ് സാധാരണയായി തിരഞ്ഞെടുക്കുന്നത്. മെയ് വരെയുള്ള കഴിഞ്ഞ മൂന്ന് മാസത്തെ കണക്കനുസരിച്ച് ഈ സാധാരണ വീടുകളുടെ വിലയിൽ സിഡ്നിയിൽ 0.4% വർദ്ധനവാണ് രേഖപ്പെടുത്തിയത്. മെൽബണിൽ 0.2% മാത്രമാണ് കുറവുണ്ടായത്. ഇത് വിപണിയിലെ ഉയർന്ന തുകയുടെ വീടുകളുടെ വിലയിടിവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മികച്ചതാണ്.
അതേസമയം, സർക്കാരിന്റെ സ്കീം വഴി സിഡ്നിയിലെ ഉയർന്ന പരിധിയായ 15 ലക്ഷം ഡോളറിനടുത്ത് വിലയുള്ള വീടുകൾ വാങ്ങിയ ചുരുക്കം ചിലർക്ക് നേരിയ തോതിൽ ഈ പ്രതിസന്ധി ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും നിലവിലെ സാഹചര്യം ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയായി കാണേണ്ടതില്ലെന്നും, വീട് അടിയന്തരമായി വിൽക്കാൻ നിർബന്ധിതരാകുന്നവർക്ക് മാത്രമേ ഇത് ഒരു പ്രശ്നമായി മാറുന്നുള്ളൂ എന്നും സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു

