സിഡ്നി: സിഡ്നിയിലെ പ്രശസ്തമായ കൂജി ബീച്ചിൽ സുരക്ഷാ മേഖലയ്ക്കുള്ളിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിന് ഇരയായ മുപ്പത്തിയഞ്ചുകാരിയായ പ്രാദേശിക മാതാവ് അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. നിലവിൽ സെന്റ് വിൻസെന്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ നില അതീവ ഗുരുതരമാണെങ്കിലും നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിനിടെ, യുവതിയെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി കടലിലേക്ക് ചാടിയ രക്ഷാപ്രവർത്തകരും ദൃക്‌സാക്ഷികളും ആ ഭീതിദമായ നിമിഷങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചു.
കൂജി സർഫ് ലൈഫ് സേവിംഗ് ക്ലബ് പ്രസിഡന്റ് ബെൻ ഹീനൻ തന്റെ നീന്തൽ കഴിഞ്ഞ് കരയ്ക്ക് കയറിയപ്പോഴാണ് കടലിൽ നിന്നും ഭയപ്പെടുത്തുന്ന നിലവിളി കേട്ടത്. കരയിൽ നിന്നും 20-30 മീറ്റർ മാത്രം അകലെ വെള്ളത്തിൽ ചുവപ്പ് നിറം പടരുന്നതും വെള്ളം തെറിക്കുന്നതും കണ്ട ഉടൻ തന്നെ സ്രാവ് ആക്രമണ മാണെന്ന് മനസ്സിലാക്കി അദ്ദേഹം ബോർഡുമായി തിരികെ കടലിലേക്ക് തുഴഞ്ഞു. സ്രാവ് പ്രദേശത്ത് തന്നെ യുണ്ടെന്ന ഭയമുണ്ടായിരുന്നെങ്കിലും യുവതിയെ എത്രയും വേഗം കരയ്ക്കെത്തിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവതിയെ കരയിലെത്തിച്ച ഉടൻ, അവിടെയുണ്ടായിരുന്ന അവധിയിലായിരുന്ന എമർജൻസി ഫിസിഷ്യൻ ഡോ. ഇയാൻ ഫെർഗൂസന്റെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സയും ഓക്സിജനും നൽകി രക്തസ്രാവം നിയന്ത്രിക്കുകയും തുടർന്ന് പാരാമെഡിക്സ് സംഘം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, യുവതിക്ക് സുരക്ഷാ വീഴ്ചകൾ ഒന്നും പറ്റിയിട്ടില്ലെന്നും തെളിഞ്ഞ വെള്ളത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നീന്തിയിരുന്നതെന്നും ന്യൂ സൗത്ത് വെയ്ൽസ് പ്രൈമറി ഇൻഡസ്ട്രീസ് വകുപ്പ് വക്താവ് മാർസെൽ ഗ്രീൻ വ്യക്തമാക്കി. ഈ സംഭവം പ്രാദേശിക സമൂഹത്തെയാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള ബോണ്ടി ബീച്ചിലും ബിൻഗോല ബീച്ചിലും ജനങ്ങൾ കടലിൽ ഇറങ്ങാൻ മടിക്കുകയാണ്. ബിൻഗോല ബീച്ചിൽ ഇന്ന് രാവിലെ ഡ്രോൺ പരിശോധനയിൽ ഏഴ് സ്രാവുകളെ കണ്ടെത്തിയതിനെ തുടർന്ന് ആളുകളെ കടലിൽ നിന്നും ഒഴിപ്പിച്ചു.
ആക്രമണം നടത്തിയ സ്രാവ് ടാഗ് ചെയ്യാത്ത ഒന്നായതിനാൽ മുൻകൂട്ടി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അധികൃതർ അറിയിച്ചു. ജനുവരി മുതൽ ഇതുവരെ 60 ഗ്രേറ്റ് വൈറ്റ് സ്രാവുകളെ ടാഗ് ചെയ്തിട്ടുണ്ടെന്നും കടലിൽ സ്രാവുകളുടെ എണ്ണം വർദ്ധിച്ചതായി തെളിവുകളില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, ഈ സംഭവത്തോടെ സ്രാവുകളെ വേട്ടയാടി എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി പ്രമുഖ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. മനുഷ്യന്റെ ജീവനാണ് സ്രാവുകളേക്കാൾ മുൻഗണന നൽകേണ്ടതെന്നും ശക്തമായ നടപടികൾ വേണമെന്നും പ്രതിപക്ഷ നേതാവ് കെല്ലി സ്ലോൺ ആവശ്യപ്പെട്ടു. സ്രാവുകളെ വേട്ടയാടുന്ന കാര്യം പൂർണ്ണമായി തള്ളിക്കളയാൻ സംസ്ഥാന സർക്കാരും തയാറായിട്ടില്ല

