ലോകകപ്പ് ഫുട്ബോൾ: കുറസാവൊയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്ത് ജർമനിക്ക് സ്ഫോടനാത്മക തുടക്കം

ന്യൂയോർക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് തകർപ്പൻ തുടക്കം. ഗ്രൂപ്പ് ഇ-യിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ലോകകപ്പിലെ കന്നിട്ടക്കാരായ കുറസാവൊയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ജർമനി തകർത്തെറിഞ്ഞത്.മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ജർമനിക്കായി ആറാം മിനിറ്റിൽ തന്നെ ഫെലിക്സ് മെച്ച ആദ്യ ഗോൾ നേടി.

ഫ്ലോറിയൻ വിർട്സിന്റെ മികച്ചൊരു അസിസ്റ്റിൽ നിന്നായിരുന്നു മെച്ചയുടെ ഈ ഗോൾ. എന്നാൽ ടൂർണമെന്റിലെ ഏറ്റവും ചെറിയ രാജ്യമായ കുറസാവൊ 21-ാം മിനിറ്റിൽ ലിവാനോ കോമെനെൻഷ്യയിലൂടെ ഗോൾ മടക്കി ജർമനിയെ ഞെട്ടിച്ചു. ലോകകപ്പ് ചരിത്രത്തിൽ കുറസാവൊയുടെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.മറുപടി ഗോൾ വഴങ്ങിയതോടെ വീണ്ടും ആക്രമിച്ചു കളിച്ച ജർമനി 38-ാം മിനിറ്റിൽ നിക്കോ ഷ്ലോട്ടർബെക്കിലൂടെ ലീഡ് തിരിച്ചുപിടിച്ചു.

ആദ്യ പകുതിയുടെ അധിക സമയത്ത് (45+5 മിനിറ്റ്) ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കായ് ഹവെർട്സ് ജർമനിയുടെ ലീഡ് 3-1 ആക്കി ഉയർത്തി.രണ്ടാം പകുതിയിലും ജർമനിയുടെ ഗോൾവേട്ട തുടർന്നു. 46-ാം മിനിറ്റിൽ ജമാൽ മുസിയാല, 68-ാം മിനിറ്റിൽ നഥാനിയൽ ബ്രൗൺ, 78-ാം മിനിറ്റിൽ ഡെനിസ് ഉണ്ടാവ് എന്നിവർ ജർമനിക്കായി സ്കോർ ചെയ്തു.

ഒടുവിൽ 88-ാം മിനിറ്റിൽ കായ് ഹവെർട്സ് തന്റെ രണ്ടാം ഗോളും നേടി കുറസാവൊയുടെ പെട്ടിയിൽ അവസാന ആണിയുമടിച്ചു. ആദ്യ മത്സരത്തിൽ തന്നെ മികച്ച വിജയത്തോടെ ഗ്രൂപ്പിൽ വ്യക്തമായ മേധാവിത്വം നേടാൻ ജർമനിക്ക് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *