ഡാലസ്:ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ കരുത്തരായ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ജപ്പാൻ. ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ (2-2) പിരിയുകയായിരുന്നു. മത്സരത്തിൽ രണ്ടു തവണ പിന്നിലായ ശേഷമാണ് സാമുറായ് പോരാളികളായ ജപ്പാൻ ശക്തമായി തിരിച്ചുവന്നത്.
ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനായില്ല. ആദ്യ 45 മിനിറ്റിൽ ആക്രമണങ്ങൾക്ക് മടി കാണിച്ച ജപ്പാൻ, പകുതിയുടെ അവസാന നിമിഷങ്ങളിൽ ഡച്ച് ബോക്സിലേക്ക് ചില നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനുള്ള സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തി.രണ്ടാം പകുതിയിലാണ് കളിയിലെ നാല് ഗോളുകളും പിറന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വിർജിൽ വാൻ ഡിക്കിന്റെ ഹെഡർ ഗോളിലൂടെ നെതർലൻഡ്സ് ആണ് ആദ്യം മുന്നിലെത്തിയത് (1-0). എന്നാൽ 57-ാം മിനിറ്റിൽ തകേഫുസ കുബോയുടെ പാസിൽ നിന്ന് കെയ്റ്റോ നകാമുറ ജപ്പാന് സമനില സമ്മാനിച്ചു (1-1).തുടർന്ന് ആക്രമണം ശക്തമാക്കിയ നെതർലൻഡ്സ് 74-ാം മിനിറ്റിൽ ക്രൈസൻസിയോ സമ്മർവില്ലിലൂടെ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു (2-1). ഇതേ മിനിറ്റിൽ തന്നെ ജപ്പാന്റെ പ്രധാന താരം തകേഫുസ കുബോ പരിക്കേറ്റ് പുറത്തായത് ജപ്പാന് തിരിച്ചടിയായി. എന്നാൽ തോൽക്കാൻ മനസ്സില്ലാതെ പോരാടിയ ജപ്പാൻ മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ (89-ാം മിനിറ്റ്) വീണ്ടും സമനില പിടിച്ചു.
കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് മനോഹരമായ ഹെഡറിലൂടെ ദെയ്ചി കമദ വലയിലെത്തിക്കുകയായിരുന്നു (2-2).കഴിഞ്ഞ മൂന്ന് ലോകകപ്പ് എഡിഷനുകളിലും ആദ്യ മത്സരം ജയിച്ചു തുടങ്ങിയ ജപ്പാന് ഇത്തവണ സമനിലയോടെ തൃപ്തിപ്പെടേണ്ടി വന്നപ്പോൾ, ആദ്യ മത്സരത്തിൽ തന്നെ വിജയം ഉറപ്പിച്ച നെതർലൻഡ്സിന്റെ മോഹങ്ങൾക്കാണ് ജപ്പാൻ തടയിട്ടത്.

