ഇടുക്കി: വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ `പ്രിയദര്‍ശിനി’ പദ്ധതിക്ക് ഇടുക്കി മണ്ഡലത്തിലും ഔപചാരികമായ തുടക്കമായി. ചെറുതോണിയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ റോയി കെ. പൗലോസ് എം.എല്‍.എ. പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ചു.
പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി, മണിയാറന്‍കുടി റൂട്ടുകളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ഈ ബസുകളിലെ വനിതാ യാത്രക്കാര്‍ക്കുള്ള ആദ്യ ടിക്കറ്റുകള്‍ എം.എല്‍.എ നേരിട്ട് വിതരണം ചെയ്തു. സാധാരണക്കാരായ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ദൈനംദിന ജീവിതത്തിൽ വലിയ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് ഈ പദ്ധതി.
ചടങ്ങില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിമ്മി എന്നിവർ പങ്കെടുത്തു. ഇവർക്ക് പുറമെ വിവിധ തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ എ.പി. ഉസ്മാന്‍, മിനി സാബു, ടോണി തോമസ്, ബിജു നിള, സെലിന്‍ വിന്‍സന്റ്, റ്റിന്റു സുഭാഷ്, സാലി ബാബു, ജോസഫ് പാലാട്ടില്‍, ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
ഹരിത കര്‍മസേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കന്യാസ്ത്രീകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നൂറുകണക്കിന് സ്ത്രീകളാണ് തങ്ങളുടെ അവകാശമായി മാറിയ സൗജന്യയാത്രാ പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടന ചടങ്ങിൽ പങ്കാളികളാകാൻ ചെറുതോണിയിൽ ഒത്തുചേർന്നത്.

